ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ കടയ്ക്ക് സമീപം കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവ് പതിനാറുകാരി. ഒമ്പത് മാസം മുമ്പ് 60-കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നും പോലിസ് പറയുന്നു. സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലിസ് വയോധികനെ അറസ്റ്റ് ചെയ്തു.
കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ച പോലിസ് സ്ഥലത്തെത്തുകയും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടി കുഞ്ഞുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് പീഡനവിവരവും പുറത്തറിഞ്ഞത്.
ഒമ്പത് മാസം മുമ്പ് 60-കാരന് തന്നെ പീഡിപ്പിച്ചെന്നും തുടര്‍ന്ന് ഗര്‍ഭിണിയായെന്നുമാണ് 16 വയസ്സുകാരി മൊഴി നല്‍കിയത്. ഭയം കാരണം സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വീടിന്റെ ടെറസില്‍വെച്ചാണ് പ്രസവിച്ചത്. ഇതിനുപിന്നാലെ കുഞ്ഞിനെ കുറച്ചകലെയുള്ള ഒരു കടയുടെ മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.