Saturday, October 23, 2021
HomeNewsNationalകാണാതായ യുവാവിന്റെ മൃതദേഹം കാമുകിയുടെ കിടപ്പ്മുറിയില്‍ കുഴിച്ചിട്ടനിലയില്‍; സിം കാര്‍ഡ് കുല്‍ഫി വില്‍പ്പനക്കാരന്റെ കൈയില്‍

കാണാതായ യുവാവിന്റെ മൃതദേഹം കാമുകിയുടെ കിടപ്പ്മുറിയില്‍ കുഴിച്ചിട്ടനിലയില്‍; സിം കാര്‍ഡ് കുല്‍ഫി വില്‍പ്പനക്കാരന്റെ കൈയില്‍

ഗാസിയാബാദ്: ഒരാഴ്ച മുമ്പ് കാണാതായ 19 വയസ്സുള്ള യുവാവിന്റെ മൃതദേഹം കാമുകിയുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടനിലയില്‍. ഗാസിയാബാദ് ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് കാമുകിയുടെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരിയെ കസ്റ്റഡിയിലെടുത്തു.

ആഗസ്ത് 11-നാണ് മുര്‍സലീനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാല്‍ ആഗസ്ത് 15ന് ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഫോണെടുത്തു. പ്രദേശത്തെ ഒരു കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു സംസാരിച്ചത്. ഇയാളോട് നേരില്‍കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പോലിസ് പിറ്റേദിവസം തന്നെ കുല്‍ഫി വില്‍പ്പനക്കാരനെ കണ്ടെത്തി. എന്നാല്‍, ഒരു പെണ്‍കുട്ടി തന്ന 500 രൂപയുടെ നോട്ടിനുള്ളില്‍ നിന്നാണ് തനിക്ക് സിം കാര്‍ഡ് ലഭിച്ചതെന്ന് ഇയാള്‍ പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാകുമെന്ന് കരുതി ആരോടും പറഞ്ഞില്ല. പിന്നീട് ഈ സിംകാര്‍ഡ് സ്വന്തം ഫോണില്‍ ഉപയോഗിക്കുകയായിരുന്നു. ഈ സമയത്താണ് മുര്‍സലീന്റെ ബന്ധുക്കള്‍ ഇയാളെ വിളിച്ചത്.

മുര്‍സലീന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചാണ് പെണ്‍കുട്ടിയുടെ വീട് കണ്ടെത്തിയത്. എന്നാല്‍, തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇവരുടെ മൊഴി. ആഗസ്ത് 11ന് രാവിലെ 11 മണിയോടെ മുര്‍സലീന്‍ തന്റെ വീട്ടില്‍നിന്ന് പോയെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. എന്നാല്‍, വീട്ടിനുള്ളില്‍ പരിശോധന നടത്തിയ പോലിസ് കിടപ്പുമുറിയുടെ ഒരുഭാഗത്ത് മണ്ണിളകി കിടക്കുന്നത് കണ്ടെത്തി. ഇതോടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തറ പൊളിച്ച് പരിശോധിക്കുകയും യുവാവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കാമുകിയാണ് മുര്‍സലീനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് പോലിസ് അറിയിച്ചു.

അതേസമയം, കാമുകിയെ വിവാഹം കഴിക്കാനായിരുന്നു മുര്‍സലീന്റെ ആഗ്രഹമെന്നും മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നും സഹോദരനായ വാജിദ് ആരോപിച്ചു.
ALSO WATCH

 

Most Popular