ജബല്‍പൂര്‍: ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങകള്‍ വിളയുന്ന ജബല്‍പൂരിലെ ദമ്പതികളുടെ തോട്ടത്തിന് സുരക്ഷ ശക്തമാക്കി. സൂര്യന്റെ മുട്ട എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിയാസാക്കി മാങ്ങ വിളയുന്ന തോട്ടത്തിന്റെ സംരക്ഷണത്തിന് മൂന്ന് ഗാര്‍ഡുകളെയും ഒമ്പത് നായ്ക്കളെയുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തായിയോ നോ തമാഗോ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന മാങ്ങ ഒരു കിലോയ്ക്ക് 2.70 ലക്ഷം രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രക്കാരന് സമ്മാനമായി നല്കിയ രണ്ട് മാവിന് തൈകളിലാണ് റാണി-സങ്കല്‍പ്പ് പരിഹാര്‍ ദമ്പതികള്‍ ഈ തോട്ടത്തിന് തുടക്കമിട്ടത്. ഇന്ന് 150ഓളം മാവിന് തൈകള്‍ തോട്ടത്തില്‍ ഉണ്ടെങ്കിലും നാല് മാവുകള്‍ മാത്രമാണ് കായ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം നിരവധി മാങ്ങകള്‍ മോഷണം പോയതിനെ തുടര്‍ന്നാണ് ഇത്തവണ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇത്തവണത്തെ വിളകള്‍ വില്ക്കാന് ഉദ്ദേശമില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. ഒരു മാങ്ങയ്ക്ക് 21,000 രൂപ വരെ ഓഫര്‍ ചെയ്ത് ചിലര്‍ വന്നിരുന്നു. എന്നാല്‍, കൂടുതല്‍ മാവിന് തൈകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദമ്പതികള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴമെന്ന് കരുതുന്ന മയാസാക്കി മാങ്ങ നിലവില്‍ ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചൂടുള്ള കാലാവസ്ഥയും കൂടുതല്‍ മണിക്കൂറുകള്‍ സൂര്യവെളിച്ചവും ഉള്ള സ്ഥലങ്ങളിലാണ് ഈ മാവുകള്‍ വളരുന്നത്.
തിളങ്ങുന്ന ചുവപ്പ് നിറമുള്ള മാങ്ങയ്ക്ക് മുട്ടയുടെ രൂപമാണ്. ഇത് മൂലമാണ് ഇതിന് സൂര്യന്റെ മുട്ട എന്ന പേര് വന്നത്. ശരാശരി 350 ഗ്രാമാണ് ഈ മാങ്ങയുടെ ഭാരം. പരമാവധി 900 ഗ്രാം വരെ വലുപ്പം വയ്ക്കാറുള്ള ഈ മാങ്ങയ്ക്ക് സാധാരണ മാങ്ങയേക്കാള്‍ 15 ശതമാനം മധുരം കൂടുതലാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും ഗുണനിലവാരമുള്ള മാങ്ങകള്‍ മാത്രമാണ് സൂര്യന്റെ മുട്ട എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. അവയാണ് കയറ്റി അയക്കുക. 1984ല്‍ ജപ്പാനിലെ മിയാസാക്കി നഗരത്തിലാണ് ഈ മാങ്ങ ആദ്യമായി കൃഷി ചെയ്തത്.