Sunday, May 16, 2021
Home News National പൗരത്വ ഭേദഗതി നിയമം; മോദി സര്‍ക്കാരിനെതിരേ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം

പൗരത്വ ഭേദഗതി നിയമം; മോദി സര്‍ക്കാരിനെതിരേ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം

വാഷിങ്ടണ്‍: വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുകയും വിവാദമായ പൗരത്വ ഭേദഗതി നിയമം ധൃതിപിടിച്ച് നടപ്പിലാക്കാനുള്ള നീക്കവും നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനം ശക്തമാക്കുമെന്ന് റിപോര്‍ട്ട്.

സിഎഎ നിയമത്തില്‍ അനുരഞ്‌നമില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായിട്ടുണ്ട്. ഈ മാസം അവസാനം അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഓഫിസ് റിപോര്‍ട്ട് പുറത്തു വരാനിരിക്കുകയാണ്. ഒക്ടോബര്‍ 31ന് മേശപ്പുറത്തു വയ്ക്കുമെന്ന് കരുതുന്ന റിപോര്‍ട്ടില്‍ ഇന്ത്യക്കെതിരേ കടുത്ത വിമര്‍ശനമുള്ളതായാണ് സൂചന.

മുസ്ലിംകള്‍ ഒഴികെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമം 2019 ഡിസംബര്‍ 12ന് ആണ് പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 19ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറസ് നിയമം തികച്ചും വിവേചനപരമാണെന്ന് പ്രസ്താവിച്ചിരുന്നു. നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനവും വിമര്‍ശന വിധേയമായി.

2020 മാര്‍ച്ചില്‍ അസാധാരണമായ നടപടിയിലൂടെ ഹ്യുമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണറുടെ ജനീവ ഓഫിസ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.

എന്‍ജിഒകള്‍ വിദേശ സഹായം സ്വീകരിക്കുന്നത് നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കവും യുഎന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. 2020 ഒക്ടോബര്‍ 20ന് യുഎന്നിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് ഈ നിയമം പുനപ്പരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്‍ജിഒകള്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നത് തടയാന്‍ ഈ നിയമം ഉപയോഗിക്കുന്നതിനെ അവര്‍ അപലപിച്ചിരുന്നു.

വിമര്‍ശനം ജനാധിപത്യത്തിന്റെ ജീവനാണെന്ന് ബാഷ്‌ലെറ്റ് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1500ലേറെ പേരെയാണ് അറസ്റ്റ് ചെയ്ത് കടുത്ത വകുപ്പുകള്‍ ചാര്‍ത്തിയത്. എല്‍ഗാര്‍ പരിഷദ് കേസില്‍ കത്തോലിക്കാ പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് വിമര്‍കരുടെ വായടപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടപടികളില്‍പ്പെടുന്നു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടച്ചുപൂട്ടിയ നടപടിയും വിമര്‍ശന വിധേയരായിട്ടുണ്ട്.


 

Most Popular