ന്യൂഡല്‍ഹി: കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് കാല്ലക്ഷത്തിലേറെപ്പേര്ക്ക്. ഈ സാഹചര്യത്തില്‍, നിയന്ത്രണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രാത്രി 7 മുതല്‍ രാവിലെ 7വരെയുള്ള കര്‍ഫ്യൂ പ്രധാന നടപടിയാണെന്നും അതില്‍ പിഴവു പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോടു നിര്‍ദേശിച്ചു.5 ദിവസത്തിനിടെ 26,419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 2 ദിവസം രോഗികളുടെ എണ്ണം 5000 കവിഞ്ഞു.
വിമാന, ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതിനാല്‍ രോഗവ്യാപനം ഇനിയും വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ വ്യവസായ മേഖല സ്തംഭിപ്പിക്കുകയും അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചത് ക്രമസമാധാന പ്രശ്നമായി മാറുകയും െചയ്ത സ്ഥിതിയിലാണ് ട്രെയിന്‍, ബസ് സര്‍വീസുകളില്‍ ഇളവുകള്‍ നല്കാന് കേന്ദ്രം നിര്‍ബന്ധിതമായത്.
എന്നാല്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സ്ഥിതി അല്പവും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കേരളത്തിലും പഞ്ചാബിലുമാണ് സ്ഥിതി മെച്ചപ്പെട്ടിട്ടുള്ളത്. എന്നാല്‍, രാജ്യത്ത് പൊതുവില്‍ രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രനിര്‍ദേശം.