ഡല്‍ഹി റോഹിന്‍ഗ്യ ക്യാമ്പിലെ മസ്ജിദ് തകര്‍ത്തു

delhi rohingya masjid
ഡല്‍ഹി റോഹിന്‍ഗ്യന്‍ ക്യാമ്പില്‍ മസ്ജിദ് തകര്‍ത്ത സ്ഥലം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഹിന്‍ഗ്യ ക്യാമ്പില്‍ താല്‍ക്കാലികമായി പണിത മസ്ജിദ് പോലിസും നഗരസഭാ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ന്യൂഡല്‍ഹിയിലെ മദന്‍പൂര്‍ ഖാദര്‍ ഏരിയയിലുള്ള ക്യാമ്പില്‍ ടാര്‍പോളിനും മുളങ്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച മസ്ജിദ് വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെയാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

മ്യാന്‍മറിലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് പലായനം ചെയ്ത 300ഓളം അഭയാര്‍ഥികളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. തങ്ങള്‍ കരഞ്ഞ് അഭ്യര്‍ഥിച്ചിട്ടും മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറിയില്ലെന്ന് ക്യാമ്പിലുള്ളവര്‍ അല്‍ജസീറയോട് പറഞ്ഞു.

delhi rohingya masjid1
ഡല്‍ഹി റോഹിന്‍ഗ്യന്‍ ക്യാമ്പില്‍ തകര്‍ക്കപ്പെട്ട മസ്ജിദ്‌

പ്രഭാത പ്രാര്‍ഥന കഴിഞ്ഞ് 1 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മസ്ജിദ് തകര്‍ക്കാന്‍ ആരംഭിച്ചത്. ആദ്യം ടോയ്‌ലറ്റുകളും വാഷ്‌റൂമുമാണ് തകര്‍ത്തത്. ശുചീകരണത്തിന് ഉപയോഗിച്ചിരുന്ന വാട്ടര്‍ ഹാന്‍ഡ് പമ്പും പിഴുതു മാറ്റി. 10 മിനിറ്റ് കൊണ്ട് മസ്ജിദ് പൂര്‍ണമായും തകര്‍ത്തതായി ക്യാമ്പില്‍ കഴിയുന്ന മുഹമ്മദ് പറഞ്ഞു.

അഭയാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും കൈയേറിയ ഭൂമിയിലാണ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നതെന്നുമായിരുന്നു പോലിസിന്റെ നിലപാട്.

അതേ സമയം, പൊളിച്ചത് മസ്ജിദ് അല്ലെന്നും ജീര്‍ണിച്ച കുടിലാണെന്നും തൊട്ടടുത്തുള്ള കാളിന്ദി കുഞ്ച് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. എന്നാല്‍, കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. മസ്ജിദ് തകര്‍ക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് പ്രദേശത്തെ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.

കഴിഞ്ഞ മാസം 13ന് 50 കുടുംബങ്ങള്‍ താമസിക്കുന്ന ക്യാമ്പ് കത്തിനശിച്ചിരുന്നു. മസ്ജിദിന്റെ ചെറിയ ഭാഗവും തീപ്പിടിത്തത്തില്‍ നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ ഒരുക്കിയ ടെന്റുകളിലാണ് ഇവര്‍ കഴിയുന്നത്.