മുംബൈ: ഓടുന്ന ട്രെയിനില്‍ ഇരുപതുകാരിയെ കൊള്ളസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ലക്നൗവിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിലാണ് നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഇഗത്പുരിക്കും കസാറയ്ക്കും ഇടയ്ക്കുവച്ചാണ് കൊള്ളസംഘം ട്രെയിനിൽ കയറുന്നത്. യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. യാത്രക്കാരുടെ മൊബൈലും പണവും ആഭരണവുമെല്ലാം പിടിച്ചുപറിച്ച സംഘം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. എതിര്‍ത്തുനിന്നവരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിനിടെയാണ് ഇരുപതുകാരിക്കു നേരെ ലൈംഗിക അതിക്രമുണ്ടായത്. ട്രെയിന്‍ കല്യാണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാലുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലു പേര്‍ക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.