Monday, October 25, 2021
HomeNewsNationalഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1960 റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിലും അദ്ദേഹമുണ്ടായിരുന്നു. റോം ഒളിമ്പിക്സില്‍ കരുത്തരായ ഫ്രാന്‍സിനെ ഇന്ത്യ സമനിലയില്‍ തളച്ചപ്പോള്‍ പ്രതിരോധനിരയിലെ പ്രധാനിയായിരുന്നു ചന്ദ്രശേഖരന്‍.

1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്സിയില്‍ തിളങ്ങിയ അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് മറവി രോഗം പിടികൂടിയത്. തുടര്‍ന്ന് എറണാകുളം എസ്ആര്‍എം റോഡിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല.

1956-ല്‍ കാള്‍ട്ടെക്സ് എസ്‌സിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് വരുന്നത്. രണ്ടു വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ടീമിലും ഇടംനേടി. 1966-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങിയിരുന്നു.

1964-ലെ എഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെള്ളി മെഡല്‍ സ്വന്തമാക്കിയ ചന്ദ്രശേഖരന്‍, 1959, 1964 മെര്‍ദേക്ക ടൂര്‍ണമെന്റുകളില്‍ ടീമിനൊപ്പം വെള്ളി മെഡല്‍ നേട്ടത്തിലും പങ്കാളിയായി.

 

Most Popular