X
ഉവൈസിയുടെ ബംഗാള്‍ സന്ദര്‍ശനം; ആശങ്കയോടെ മുന്നണികള്‍

ഉവൈസിയുടെ ബംഗാള്‍ സന്ദര്‍ശനം; ആശങ്കയോടെ മുന്നണികള്‍

personSJ access_timeMonday January 4, 2021
HIGHLIGHTS
ഹൂഗ്ലി ഫുര്‍ഫുറ ശരീഫിലെത്തിയ അദ്ദേഹം മതനേതാവായ അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തി.

ഹൂഗ്ലി (പശ്ചിമ ബംഗാള്‍): മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ബംഗാളിലെത്തി. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കെയാണ് ഉവൈസി ഇന്നലെ ബംഗാളിലെത്തിയത്. ഹൂഗ്ലി ഫുര്‍ഫുറ ശരീഫിലെത്തിയ അദ്ദേഹം മതനേതാവായ അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തി. പല കാര്യങ്ങളിലും മമത സര്‍ക്കാരിനെ വിമര്‍ശിച്ച മത നേതാവാണ് അബ്ബാസ് സിദ്ദിഖി. പുതിയ സംഘടന തുടങ്ങാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട് എന്നാണ് വിവരം. ബംഗാളിലേക്കുള്ള ഉവൈസിയുടെ ആദ്യ രാഷ്ട്രീയ സന്ദര്‍ശനമാണിത്. മജ്‌ലിസ് ബംഗാള്‍ ഘടകം സെക്രട്ടറി സമീറുല്‍ ഹുസനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒവൈസിയുടെ നീക്കം മമത സര്‍ക്കാര്‍ തടയുമോ എന്ന ആശങ്ക മജ്ലിസ് പാര്‍ട്ടിക്കുണ്ട്. അതുകൊണ്ടാണ് മുന്‍കൂട്ടി പ്രഖ്യാപിക്കാതെ സന്ദര്‍ശനം നടത്തിയത്.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതോടെ ബംഗാളിലും എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന ഉവൈസി വ്യക്തമാക്കിയിരുന്നു. ബംഗാളിലെ 110 നിയമസഭ സീറ്റുകളുടെ വിധി നിര്‍ണയിക്കുന്നതില്‍ മുസ്ലീം സമുദായം നിര്‍ണായക ഘടകമാണ്. ഈ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉവൈസിയുടെ തീരുമാനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്കാണ് മുസ്ലിങ്ങള്‍. അതുകൊണ്ടുതന്നെ ഒവൈസിയുടെ വരവ് ഈ കക്ഷികള്‍ക്ക് ഭീഷണിയാണ്.

അതേസമയം ശക്തമായ ത്രികോണ മല്‍സരത്തിനാണ് ഇത്തവണ ബംഗാള്‍ സാക്ഷിയാകുക. തൃണമൂലും ബിജെപിയും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ഈ രണ്ടു കക്ഷികള്‍ക്കുമെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്നു. ഈ സഖ്യത്തിന്റെ സാന്നിധ്യം ബിജെപിക്ക് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഒവൈസുടെ പാര്‍ട്ടിയും ബംഗാളില്‍ മല്‍സരിക്കാന്‍ എത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ജില്ലയായ മുര്‍ഷിദാബാദ് ഉള്‍പ്പെടെയാണ് ഒവൈസിയുടെ ലക്ഷ്യം. മുസ്ലിം വോട്ടുകള്‍ ഒവൈസി പിടിക്കുമോ എന്ന ആശങ്ക കൂടുതല്‍ മമതയ്ക്കാണ്. മമതയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണാല്‍ ഗുണം ബിജെപിക്കായിരിക്കും. ഉവൈസിയുടെ സന്ദര്‍ശനത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. ഒവൈസി പിടിക്കുന്ന ഓരോ വോട്ടും മമതയുടെ നഷ്ടമായിരിക്കും എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നത്.

SHARE :
folder_openTags
content_copyCategory