എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് ഫണ്ടില്ല

MP Fund cancelled

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് റദ്ദാക്കാനും കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.

എംപി ഫണ്ട് ഏകദേശം 7900 കോടി രൂപയോളം വരും. ഇത്രയും തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എംപി ഫണ്ട് തടഞ്ഞുവെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വിട്ടുകൊടുക്കാന്‍ എംപിമാര്‍ തീരുമാനിച്ചിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.