Tuesday, May 18, 2021
Home News National ജനം കോണ്‍ഗ്രസിനെ ബദലായി കണക്കാക്കുന്നില്ല:‌​ കപില്‍ സിബല്‍

ജനം കോണ്‍ഗ്രസിനെ ബദലായി കണക്കാക്കുന്നില്ല:‌​ കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബിഹാറിലും 11 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും പാര്‍ട്ടിയെ ബി.ജെ.പിക്ക് ബദലായി ജനങ്ങള്‍ കണക്കാക്കുന്നില്ലെന്നും സിബല്‍ പറഞ്ഞു. ‘ഞങ്ങള്‍ ചിലര്‍ മുന്നോട്ടുള്ള പാതയില്‍ കോണ്‍ഗ്രസ് എന്തെല്ലാം ചെയ്യണമെന്ന് എഴുതിയിരുന്നു. എന്നാല്‍ ഞങ്ങളെ ചെവികൊളളാതെ അവര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്തത്. ഫലം എല്ലാവര്‍ക്കും കാണാം….ബിഹാറില്‍ മാത്രമല്ല എവിടെയല്ലാം ഉപതെരഞ്ഞെടുപ്പ് നടന്നുവോ അവിടെയല്ലാം ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു ബദലായി കാണക്കാക്കിയില്ല’ -സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പ്രശ്‌നം നേതൃത്വത്തിനറിയാമെങ്കിലും തിരുത്താന്‍ തയാറാകുന്നില്ലെന്നും ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഒരംഗം പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നാണ് കരുതുന്നതെന്ന് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ല. പിന്നയാണോ ഇപ്പോള്‍ ആത്മപരിശോധന നടത്തുമെന്ന പ്രതീക്ഷ. കോണ്‍ഗ്രസിന്റെ പ്രശ്‌നം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി നേതൃത്വത്തിന് തന്നെ എല്ലാ ഉത്തരവുമറിയാം. എന്നാല്‍ അവ പരിഹരിക്കാന്‍ അവര്‍ തയാറാകുന്നില്ല. പിന്നെ ഗ്രാഫ് ഇങ്ങനെ താഴ്ന്ന നിലയില്‍ തന്നെ തുടരും’ -സിബല്‍ പറഞ്ഞു.

നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള നോമിനേറ്റഡ് പ്രതിനിധികളുടെ വിശദീകരണം മാത്രമാണ് തങ്ങള്‍ കേള്‍ക്കുന്നതെന്നും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും പ്രകടനത്തെ പറ്റി പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.

Most Popular