ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ല എന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാന്‍ ഉള്ളത് അല്ല സമരാവകാശം എന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതിഷേധ സമരങ്ങള്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്ന് കൂടി കോടതി ഓര്‍മിപ്പിച്ചു. ഏത് സമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഷാഹീന്‍ബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തെയുള്ള വിധി പ്രസ്താവത്തില്‍ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ കുറച്ച് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല. ചിലപ്പോള്‍ പെട്ടെന്ന് പ്രതിഷേധങ്ങളുണ്ടാകാം. എന്നാല്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധങ്ങള്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ഇല്ലാതാക്കരുത്- എന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്.
ഷാഹീന്‍ബാഗിലെ വനിതാ പ്രതിഷേധക്കാരാണ് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഷാഹിന്‍ബാഗ് പ്രതിഷേധത്തിനെതിരെയുള്ള കോടതി വിധി. പൊതുസ്ഥലം കൈയേറിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ല എന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയിരുന്നത്.