ഇന്ത്യയില്‍ നിന്ന് പ്രവാസികളെ കൊണ്ടുപോകുന്നതിന് യുഎഇ സ്വകാര്യ ജെറ്റുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി വ്യോമയാന വകുപ്പ് പിന്‍വലിച്ചു

13 keralites charted vip jet

ദുബയ്: യുഎഇയിലേക്ക് പ്രവാസികളെ കൊണ്ടു പോകുന്നതിന് യുഎഇ സ്വകാര്യ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി പിന്‍വലിച്ചു. നിലവില്‍ ലാന്റിങ് പെര്‍മിറ്റ് ലഭിച്ചവ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) റദ്ദാക്കി. പുതിയ അനുമതി നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇതോടെ ബിസിനസ് ആവശ്യങ്ങള്‍ക്കും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലും അടിയന്തരമായി യുഎഇയിലേക്ക് പറക്കാന്‍ തയ്യാറായിരുന്നു നൂറുകണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി.

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്ന സ്വകാര്യ ജെറ്റുകളുടെ പെര്‍മിഷന്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 10 വരെയുള്ള വിമാനങ്ങളുടെ അനുമതി റദ്ദാക്കിയതായി ഹദീദ് ഇന്റര്‍നാഷനല്‍ സര്‍വീസസിന്റെ ചാര്‍ട്ടേര്‍ഡ് വിഭാഗം മേധാവി അഹ്മദ് ഷജീര്‍ പറഞ്ഞു. അനുമതി റദ്ദാക്കിയ ഏതെങ്കിലും വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തുനിഞ്ഞാല്‍ പിടിച്ചെടുക്കുമെന്ന് ഡിജിസിഎ അറിയിച്ചതായും ഷജീര്‍ പറഞ്ഞു. ഷജീറിന്റെ സ്ഥാപനം കഴിഞ്ഞ ആഴ്ച്ചകളില്‍ ഒരു ഡസനോളം സ്വകാര്യ ജെറ്റുകള്‍ യുഎഇയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്നു.

കൊവിഡ് മൂലം മൂന്ന് മാസമായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വന്‍കിട ബിസിനസുകാര്‍ മാത്രമല്ല സ്വകാര്യ ജെറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത്. ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ ജെറ്റുകളില്‍ സീറ്റ് തരപ്പെടുത്താന്‍ നെട്ടോട്ടമോടുന്നുണ്ട്. നിശ്ചിത തിയ്യതിക്കകം കമ്പനിയില്‍ റിപോര്‍ട്ട് ചെയ്തില്ലെങ്കില്‍ ജോലി തെറിക്കുമെന്ന അറിയിപ്പ് ലഭിച്ചവരാണിവര്‍.

യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടര്‍ ചെയ്ത യുഎഇ വിമാനങ്ങള്‍ക്ക് ജൂലൈ 4ന് കേന്ദ്ര വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പ്രവാസി സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്നും യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുമതി ലഭിച്ചെങ്കിലും ഡിജിസിഎ അന്തി അംഗീകാരം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

Permission revoked for UAE-based private jets flying Indian residents back to UAE