Sunday, September 19, 2021
Home News National ഇ-റുപ്പി; പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കി കേന്ദ്രം

ഇ-റുപ്പി; പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈള്‍ ഫോണില്‍ ലഭിക്കുന്ന ഇ-വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നേടാം. സര്‍ക്കാര്‍ സഹായങ്ങള്‍ ഗുണഭോക്താക്കളുടെ ബാങ്കിലേക്ക് അയക്കുന്നതിന് പകരം ഇ-വൗച്ചര്‍ ആയി മൊബൈലിലേക്ക് അയക്കുകയാണ് ചെയ്യുക. കൂപ്പണ്‍ അയക്കുന്നതിന് മുമ്പ് മൊബൈല്‍ നമ്പറും ഐഡിന്റിറ്റിയും വെരിഫൈ ചെയ്യും.

വിവിധ സേവനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഗുണഭോക്താക്കളിലേക്ക് നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ എത്തിക്കുന്നതിനും ഈ സേവനം ഉപയോഗിക്കാം. തുടക്കത്തില്‍ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ”ഉദാഹരണത്തിന് സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് 100 പേര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഇ-റുപ്പി വൗച്ചര്‍ 100 പേര്‍ക്ക് നല്‍കാം. അവര്‍ ചെലവഴിക്കുന്ന തുക കോവിഡ് വാക്സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടും” – പ്രധാനമന്ത്രി പറഞ്ഞു.

വൈകാതെ കൂടുതല്‍ സേവനങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ചികിത്സാ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താനാകും. മാതൃശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകളും പോഷകാഹാരവും വിതരണം ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുന്ന ക്ഷയഗോര നിവാരണം, മരുന്ന് വിതരണം തുടങ്ങിയവയ്ക്കും വളം സബ്സിഡി വിതരണം അടക്കമുള്ളവയ്ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. ഇ-റുപ്പി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കുമെന്ന് മോദി അവകാശപ്പെട്ടു.
ALSO WATCH

 

Most Popular