ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെയുള്ളവ പൂര്‍ണമായും വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ അധികാരം വെട്ടിക്കുറച്ച് പൊതു തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ലോക്സഭ – നിയമസഭ – തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും ഒറ്റ വോട്ടര്‍ പട്ടിക കൊണ്ടുവരാനുമാണ് ആലോചന. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കാബിനറ്റ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്കിയ ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍പട്ടിക എന്ന വാഗ്ദാനം യാഥാര്‍ഥ്യമാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കമാരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തല്‍, വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, തയ്യാറെടുപ്പ്, നിയന്ത്രണം എന്നിവക്കെല്ലാം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് അധികാരം നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 K, 243- ZA എന്നിവ ഭേദഗതി ചെയ്യാനാണ് ആലോചന. പൊതു തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട നിയമ ഭേദഗതിയും കൊണ്ടുവരും.
ആഗസ്ത് 13ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ, ലെജിസ്ലേറ്റീവ് സെക്രട്ടറി പി നാരായണ രാജു, പഞ്ചായത്തീരാജ് സെക്രട്ടറി സുനില്‍ കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന് ജനറല്‍ സെക്രട്ടറി ഉമേഷ് സിന്‍ഹ എന്നിവര്‍ പങ്കെടുത്തു. നിര്‍ദേശത്തെ പഞ്ചായത്തീരാജ് സെക്രട്ടറിയടക്കം പിന്തുണച്ചുവെന്നാണ് വിവരം. ഭൂരിഭാഗം സംസ്ഥാനങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയാണ് തദ്ദേശ തരഞ്ഞെടുപ്പുകള്ക്കും ഉപയോഗിക്കുന്നത്. കേരളമടക്കം 10 സംസ്ഥാനങ്ങളും ജമ്മുകശ്മീരുമാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പ്രത്യേകം വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത്.