ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ വെച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരായ മന്ദീപ് പൂനിയ, ധര്‍മേന്ദര്‍ സിംഗ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വതന്ത്രൃ മാധ്യമപ്രവര്‍ത്തകനായ മന്ദീപ് പൂനിയ കാരവന് വേണ്ടിയും ഹിന്ദി ഓണ്‍ലൈന്‍ മാധ്യമമായ ‘ജുന്പതിന്’ വേണ്ടിയുമാണ് ജോലി ചെയ്യുകയാണ്. ധര്‍മേന്ദര്‍ സിംഗ് ‘ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യ’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ജോലി ചെയ്യുന്നത്. മന്ദീപ് പൂനിയയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി അലിപൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരെയും കൊണ്ടു പോയതെന്ന് ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡിനിടയിലൂടെ പോകുന്നതിനിടെയാണ് ഒരു സംഘം പൊലീസുക്കാര്‍ ലാത്തി ഉപയോഗിച്ച് അടിച്ച് നിര്‍ബന്ധപ്പൂര്‍വം മന്ദീപ് പൂനിയയെ കസ്റ്റഡിയിലെടുക്കുന്നത്. ധര്‍മേന്ദര്‍ സിംഗിനെ തൊട്ടുപിന്നാലെ കസ്റ്റഡിയിലെടുത്തു. അല്‍പ്പ സമയത്തിനകം ധര്‍മേന്ദറിനെ വിട്ടയച്ചതായി ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കസ്റ്റഡിയിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മന്ദീപ് പൂനിയ വെള്ളിയാഴ്ച്ച സിംഘുവിലുണ്ടായ ആക്രമണ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചിരുന്നു. പ്രദേശവാസികളെന്ന വ്യാജേന എങ്ങനെയാണ് ഒരു കൂട്ടര് പൊലീസ് നിറഞ്ഞ ഒരു സ്ഥലത്ത് കല്ലെറിഞ്ഞതെന്ന കാര്യമാണ് മന്ദീപ് പൂനിയ ലൈവില്‍ പറഞ്ഞത്. അതേസമയം മന്ദീപ് പൂനിയക്ക് പ്രസ് കാര്‍ഡ് ഇല്ലായിരുന്നെന്നും ബാരിക്കേഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും അപമര്യാദയായി പെരുമാറിയതായും പൊലീസ് പറയുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.