ഒമിക്രോണ്‍: ഇന്ത്യയിലെ ആറ് എയര്‍പോര്‍ട്ടുകളില്‍ ആര്‍ടിപിസിആര്‍ മുന്‍കൂര്‍ ബുക്കിങ് നിര്‍ബന്ധമാക്കി

INDIA AIRPORT

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മുന്‍കൂര്‍ ബുക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ നിബന്ധന. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. തിങ്കളാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരുന്നത്.

നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലെന്ന് ബോധ്യപ്പെട്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭ്യമാകും.

വിമാനത്താവളങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത് ഇപ്രകാരമാണ്

-സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-ഏറ്റവും മുകളിലായി കാണുന്ന ‘Book Covid-19 Test’ ക്ലിക്ക് ചെയ്യുക.
-അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തിരഞ്ഞെടുക്കുക.
-പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.
-ആര്‍ടിപിസിആര്‍, റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.
ALSO WATCH