Monday, May 23, 2022
HomeNewsNationalപ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍; ലഖ്‌നോവില്‍ നിരോധനാജ്ഞ, ഞാന്‍ പുറത്തിറങ്ങിയാല്‍ പ്രശ്‌നമെന്ന് പ്രിയങ്ക

പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍; ലഖ്‌നോവില്‍ നിരോധനാജ്ഞ, ഞാന്‍ പുറത്തിറങ്ങിയാല്‍ പ്രശ്‌നമെന്ന് പ്രിയങ്ക

ലഖ്‌നോ: ആഗ്രയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ(Priyanka gandhi) യുപി പോലിസ് കസ്റ്റഡിയിലെടുത്തു(up police custody). പ്രിയങ്ക ഗാന്ധിയെ ലഖ്നോവിലെ പോലിസ് ക്യാമ്പിലേക്ക് മാറ്റി. ലഖ്‌നോവില്‍ പോലിസ് നിരോധനജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ആഗ്രയില്‍ പോലിസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. പോലിസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി.

ചൊവ്വാഴ്ചയാണ് ആഗ്രയില്‍ 25 ലക്ഷംരൂപ മോഷ്ടിച്ചെന്ന കേസില്‍ അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വച്ച് ഇയാള്‍ മരിക്കുകയായിരുന്നു. പോലിസ് മര്‍ദനമാണ് മരണകാരണമെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചു. ഇയാളുടെ വീട്ടില്‍ സന്ദര്‍ശിക്കാനത്തിയ പ്രിയങ്ക ഗാന്ധിയെ തടയുകയും ഒരു കാരണവശാലും പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്നും യുപി പൊലീസ് നിലപാടെടുക്കുകയായിരുന്നു.

നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇപ്പോള്‍ ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാനെത്തിയപ്പോഴും പൊലീസ് പ്രിയങ്കയെ തടഞ്ഞു.

‘ഞാന്‍ വീട്ടിലാണെങ്കില്‍ ഓകെ. ഓഫീസില്‍ പോവുകയാണെങ്കിലും ഓകെ. പക്ഷേ ഞാന്‍ വേറെ എവിടെയെങ്കിലും പോവാനിറങ്ങിയാല്‍ പൊലീസ് ഈ തമാശ തുടങ്ങും. ഇത് പരിഹാസ്യമാണ്. ജനങ്ങളെയും ബാധിക്കുന്നു. എത്ര പേര്‍ ഗതാഗതക്കുരുക്കിലായെന്ന് നോക്കൂ’- പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ’ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇത് ക്രമസമാധാന പ്രശ്‌നമാണെന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി.

‘എന്താണ് പ്രശ്‌നം? ഒരാള്‍ മരിച്ചു. എന്താണ് ക്രമസമാധാന പ്രശ്‌നം? സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നത്? പറയൂ’- പ്രിയങ്ക മറുപടി നല്‍കി.
ALSO WATCH

 

Most Popular