Tuesday, September 28, 2021
Home News National അഫ്ഗാനിലെ സുരക്ഷാ സ്ഥിതി: ഖത്തര്‍ പ്രത്യേക പ്രതിനിധി ഇന്ത്യയില്‍

അഫ്ഗാനിലെ സുരക്ഷാ സ്ഥിതി: ഖത്തര്‍ പ്രത്യേക പ്രതിനിധി ഇന്ത്യയില്‍

ദോഹ: അഫ്ഗാനിലെ വഷളാവുന്ന സുരക്ഷാ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഖത്തര്‍ പ്രത്യേക പ്രതിനിധി ഇന്ത്യയിലെത്തി. സംഘര്‍ഷ പരിഹാരത്തിനുള്ള ഖത്തര്‍ പ്രത്യേക പ്രതിനിധി മുല്‍താഖ് ബിന്‍ മാജിദ് അല്‍ ഖഹ്ഥാനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി.

അഫ്ഗാനിലെ സുരക്ഷാ സ്ഥിതി ഗൗരവമേറിയതാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. സമാധാനവും സ്ഥിരതയുമുള്ള അഫ്ഗാന്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ച്ചപ്പാട് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ സുരക്ഷാ സ്ഥിതി അതിവേഗം വഷളാവുന്നത് ഗുരുതരമാണെന്നും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ളയാളാണ് അല്‍ ഖഹ്ഥാനി. താലിബാന്‍ ആക്രമണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുടെ ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശം. വെള്ളിയാഴ്ച്ച വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്താന്‍-അഫ്ഗാന്‍-ഇറാന്‍ ഡിവിഷന്റെ ചുമതലയുള്ള ജെ പി സിങുമായും ഖഹ്ഥാനി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അഫ്ഗാന്‍-താലിബാന്‍ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരന്നു. ആഗസ്ത് 11ന് റഷ്യ, ചൈന, യുഎസ്, പാകിസ്താന്‍ എന്നിവ ഉള്‍പ്പെടുന്ന ചര്‍ച്ച ഖത്തറില്‍ നടക്കാനിരിക്കേയാണ് ഖഹ്ഥാനിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഖത്തറില്‍ വച്ച് താലിബാന്‍ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയതായി ജൂണില്‍ ഖഹ്ഥാനി സൂചിപ്പിച്ചിരുന്നു. അഫ്ഗാന്റെ ഭാവിയില്‍ താലിബാന് പ്രധാന പങ്കുണ്ട് എന്നത് കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് വിവാദമായതോടെ ഇക്കാര്യം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി.
ALSO WATCH

Most Popular