Sunday, July 25, 2021
Home News National രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; മോദി സര്‍ക്കാരിന് കിടപ്പറ സംഭാഷണങ്ങളും ഒളിച്ചുകേള്‍ക്കാമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; മോദി സര്‍ക്കാരിന് കിടപ്പറ സംഭാഷണങ്ങളും ഒളിച്ചുകേള്‍ക്കാമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തി.

മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയത്.

കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത ബന്ധമുള്ള 18 പേരുടെ വിവരങ്ങളും പട്ടികയിലുണ്ട്.

ഇവര്‍ക്ക് പുറമേ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അവളുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ ‘വാഷിങ്ടണ്‍ പോസ്റ്റ്’, ‘ദ ഗാര്‍ഡിയന്‍’ എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ‘ദ വയര്‍’ വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്.

അറബ് രാജകുടുംബാംഗങ്ങള്‍, ബിസിനസ് എക്‌സിക്യുട്ടീവുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു.

മോദി സര്‍ക്കാരിന് കിടപ്പറ സംഭാഷണങ്ങളും ചോര്‍ത്താനാവും

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ഇസ്രയേല്‍ നിര്‍മിത പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇത് വ്യക്തമായും രാജ്യദ്രോഹമാണെന്നും മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍നിന്ന് പൂര്‍ണമായി പിന്മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അത് ഏതുവിധത്തില്‍ ജനങ്ങളെ ബാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വിശദീകരിച്ചു. നിങ്ങളുടെ മകളുടെയോ ഭാര്യയുടേയോ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങള്‍ വാഷ്റൂമില്‍ ആയിരുന്നാലും, കിടപ്പുമുറിയില്‍ ആയിരുന്നാലും, നിങ്ങള്‍ നടത്തുന്ന സംഭാഷണം, നിങ്ങളുടെ ഭാര്യ-മകള്‍-കുടുംബം നടത്തുന്ന സംഭാഷണം ഒക്കെ നരേന്ദ്ര മോദി സര്‍ക്കാരിന് ഒളിച്ചുകേള്‍ക്കാന്‍ സാധിക്കും- സുര്‍ജെവാല ആരോപിച്ചു.
ALSO WATCH

Most Popular