Sunday, August 1, 2021
Home News National പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ രാഹുലിന്റെ ട്രാക്ടര്‍; കോണ്‍ഗ്രസ് അദാനിക്കും അംബാനിക്കും വേണ്ടിയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ്

പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ രാഹുലിന്റെ ട്രാക്ടര്‍; കോണ്‍ഗ്രസ് അദാനിക്കും അംബാനിക്കും വേണ്ടിയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിതെന്നും രാഹുല്‍ ആരോപിച്ചു. പഞ്ചാബില്‍ കര്‍ഷക റായില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രാക്ടറിലാണ് പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ രാഹുല്‍ റാലി നയിക്കുന്നത്. വഴിനീളെ വന്‍ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്.

മോദിയുടെ ഗൂഢ ലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണമെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും റദ്ദാക്കുമെന്നും കര്‍ഷക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഈ നിയമങ്ങളില്‍ കര്‍ഷകര്‍ സന്തോഷവാന്മാരെങ്കില്‍ എന്തിനാണ് രാജ്യമെങ്ങും പ്രതിഷേധം നടത്തുന്നത്? പഞ്ചാബിലെ ഓരോ കര്‍ഷകനും പ്രതിഷേധിക്കുന്നതെന്ത്?’ രാഹുല്‍ ചോദിച്ചു. കോവിഡ് പോലുള്ള പ്രതിസന്ധിക്കിടെ ഒരു ചര്‍ച്ച പോലുമില്ലാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ രാഹുല്‍ കടന്നാക്രമിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി പ്രധാനമന്ത്രി മോദി ജനങ്ങളോടു കള്ളം പറയുകയാണ്. ഈ സര്‍ക്കാരിന്റെ ചരട് അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലാണ്. മൂന്ന് കരിനിയമങ്ങളാണ് പാസാക്കിയത്. ഇന്ത്യന്‍ കാര്‍ഷികവൃത്തിയുടെ അടിസ്ഥാന തൂണുകളായ താങ്ങുവില, ഭക്ഷ്യ സംഭരണം, മാന്‍ഡി എന്നിവ തകര്‍ക്കുകയാണ് മോദി സര്‍ക്കാരിന്റെ ആവശ്യം. കോവിഡിന്റെ സമയത്ത് ഇത്രയ്ക്ക് ധൃതിപിടിച്ച് ഈ നിയമങ്ങള്‍ പാസാക്കിയത് എന്തിനാണ്? ലോക്‌സഭയിലും രാജ്യസഭയിലും എന്തുകൊണ്ട് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല? അദ്ദേഹം ചോദിച്ചു.

കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇവയ്ക്ക് രാഷ്ട്രപതി റാം നാഥ് കോവിഡ് അംഗീകാരം നല്‍കിയിരുന്നു. പുതിയ കര്‍ഷക നിയമം കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെതിരേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Most Popular