ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം തല്‍സമയം കണ്ടെത്താവുന്ന കിറ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) വികസിപ്പിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റാണ് ഐസിഎംആര്‍ വികസിപ്പിച്ചത്.
നിലവില്‍ ആര്‍ടി-പിസിആര്‍ സ്വാബ് ടെസ്റ്റ് ആണ് അധികൃതര്‍ കോവിഡ് പരിശോധനയ്ക്ക് ആശ്രയിക്കുന്നത്. ഇതിന്റെ ഫലം ലഭിക്കാന്‍ 24 മുതല്‍ 36 മണിക്കൂര്‍ വരെ എടുക്കും. ഇതില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്നറിയാനുള്ള ജീനോം സീക്വന്‍സിങിന് വീണ്ടും നാല് ദിവസം വേണം.
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കിറ്റ് വികസിപ്പിച്ചത്. ഡിസംബര്‍ 2 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 200ലേറെ ഒമിക്രോണ്‍ കേസുകളാണ് കണ്ടെത്തിയത്.
ഇതില്‍ ഭൂരിഭാഗവും പുറത്തു നിന്നെത്തിയ യാത്രക്കാരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയും കുറേപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒമിക്രോണ്‍ സാന്നിധ്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
വകഭേദത്തിനെ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കുന്നത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക ലാബുകളില്‍ മാത്രമേ ഈ പരിശോധന സാധ്യമാവൂ എന്നതും പ്രശ്‌നമാണ്. ഈ സാഹചര്യത്തിലാണ് അതിവേഗ പരിശോധനയ്ക്കുള്ള കിറ്റ് വികസിപ്പിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.
ഫ്‌ളൂറസെന്റ് റിപോര്‍ട്ടര്‍, ക്വഞ്ചര്‍ ഡൈ എന്നിവ ഉപയോഗിച്ചാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തുന്നത്. പുതുതായി വികസിപ്പിച്ച കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഐസിഎംആര്‍.