Monday, April 12, 2021
Home News National ഡല്‍ഹി കലാപം: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും സിപിഎം നേതാവ് ബൃന്ദ കാരാട്ടും പ്രതികളെന്ന് കുറ്റപത്രം

ഡല്‍ഹി കലാപം: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും സിപിഎം നേതാവ് ബൃന്ദ കാരാട്ടും പ്രതികളെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തില്‍ പ്രകാപനപരമായി സംസാരിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയനുസരിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദിനെ പ്രതി ചേര്‍ത്തത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, മറ്റൊരു സാക്ഷി എന്നിവരുടെ മൊഴിയിലാണ് നടപടിയെന്നാണ് കുറ്റപത്രത്തില്‍ അവകാശപ്പെടന്നത്. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദ്, നദീം ഖാന്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ പ്രകോപനപരമായി സംസാരിച്ചുവെന്നും ജനങ്ങളെ ഇളക്കി വിട്ടുവെന്നും സാക്ഷി മൊഴിയിലുണ്ടത്രെ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു.

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകന്‍ രാഹുല്‍ റോയ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

ആനി രാജ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ നടന്ന ‘മഹിള ഏക്താ യാത്ര’ കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിക്കുന്ന പോലിസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ മുഴുവന്‍ പ്രതിചേര്‍ത്ത് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.

salman-khurshid-named-in-delhi-riots-chargesheet

Most Popular