പ്രധാന കണ്ണികളായി താരസുന്ദരിമാര്‍; ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയയുടെ പറുദീസയായി ബംഗളൂരു

ragini-dwivedi

ബെംഗളൂരു: സുന്ദരികളും സമ്പന്നരുമായ കോളജ് കുമാരികള്‍ക്കു പകരം കന്നഡ സിനിമയിലെ സൂപ്പര്‍ താരങ്ങളെത്തന്നെ കാരിയര്‍മാരാക്കിയുള്ള ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി ബംഗളൂരുവില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്നയുമായുള്ള അടുത്ത ബന്ധമാണ് രാഗിണി ദ്വിവേദിയെന്ന, കന്നഡ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയ്ക്ക് ജയിലിലേക്കുള്ള വഴി തുറന്നത്.

രാത്രി വെളുക്കുവോളമുള്ള നിശാ പാര്‍ട്ടികളില്‍ സജീവ സാന്നിധ്യമായിരുന്നു രാഗിണി. റിയല്‍ എസ്റ്റേറ്റ്, സിനിമ, ഐടി തുടങ്ങിയവ മേഖലകളുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു നഗരത്തില്‍ ലഹരി ഒഴുകുന്നതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.

ആദ്യ കാലങ്ങളില്‍ കോളജ് വിദ്യാര്‍ഥികളായിരുന്നു ലഹരി ഉപഭോക്താക്കളും അതിന്റെ കാരിയര്‍മാരുമെങ്കില്‍ ഇന്ന് നില മാറി. രാഗിണിയെ പോലെയുള്ള ഒരു സൂപ്പര്‍ താരത്തിന്റെ കാറിലോ ഫ്‌ളാറ്റിലോ പെട്ടെന്നൊരു റെയ്‌ഡോ അന്വേഷണമോ ഉണ്ടാകില്ലെന്ന വിശ്വാസമാണ് ലഹരിമരുന്നു കൈമാറ്റത്തിനായി സിനിമാതാരങ്ങളെത്തന്നെ ഉപയോഗപ്പെടുത്താന്‍ മാഫിയകളെ പ്രേരിപ്പിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

actress-sanjana-galrani

ചൊവ്വാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രശസ്ത താരം സഞ്ജന ഗല്‍റാണി വിരേന്‍ ഖന്ന നടത്തുന്ന നിശാപാര്‍ട്ടികളിലെ മിന്നും താരമായിരുന്നു. രാഗിണിയെ പോലെ സഞ്ജനയെയും ലഹരി മാഫിയ കാരിയറായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സെന്‍ട്രല്‍ ക്രൈംബാഞ്ച് പരിശോധിക്കുകയാണ്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ലഹരിമരുന്ന് വിതരണ കേന്ദ്രമായി ബംഗളൂരു മാറിക്കഴിഞ്ഞു, ഇതു തന്നെയാണ് ബംഗളൂരു നഗരത്തില്‍ സുലഭമായി ലഹരിമരുന്നുകള്‍ ലഭ്യമാകാനുള്ള കാരണവും ബംഗളൂരു പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബംഗളുരു നഗരത്തില്‍ കുറച്ചുകാലം മുന്‍പ് വരെ യഥേഷ്ടം ലഭ്യമായിരുന്ന ലഹരിയായിരുന്നു കഞ്ചാവ്. ഇന്ന് കഞ്ചാവിന്റെ സ്ഥാനം കൊക്കെയ്ന്‍ അടക്കമുള്ള മറ്റു ലഹരി വസ്തുക്കള്‍ കയ്യടക്കിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ണാടകയിലെ കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായി വര്‍ധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 6000 രൂപ മുതല്‍ 12000 രൂപ വരെയാണ് വില ഈടാക്കുന്നത്. ഉയര്‍ന്ന വിലയുള്ളതിനാല്‍ സമ്പന്നരുടെ നിശാപാര്‍ട്ടികളിലാണ് കൊക്കെയ്ന്‍ ഉപയോഗം അധികവും. കുടക്, ചിക്കമംഗലൂരു അടക്കമുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും നിരവധിയായി ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കപ്പെടാറുണ്ടെന്നാണ് ബംഗളൂരു പൊലീസ് പറയുന്നത്. പല സൂപ്പര്‍ താരങ്ങളും ഇത്തരം ലഹരി പാര്‍ട്ടികളിലെ നിത്യസാന്നിധ്യവുമാണ്.