Monday, September 27, 2021
Home News National 2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് തമിഴ് താരം വിജയ് പങ്കുവെച്ച സെൽഫി

2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്ത ട്വീറ്റ് തമിഴ് താരം വിജയ് പങ്കുവെച്ച സെൽഫി

ആരാധകർക്ക് നന്ദി അറിയിച്ച് തമിഴ് താരം വിജയ് പങ്കുവെച്ച സെൽഫി 2020ൽ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്ത ചിത്രമായി ട്വിറ്റർ ഇന്ത്യ തെരഞ്ഞെടുത്തു. തമിഴ്‌നാട് നെയ്‌വേലിയിൽ മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ നിന്നും നിറയെ ആരാധകർക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെൽഫിയാണ് വിജയ്‌യുടേതായി പുറത്തുവന്നത്. ഈ ചിത്രമാണ് ട്വിറ്ററിലെ ഏറ്റവും ജനകീയ ചിത്രമായി തെരെഞ്ഞെടുത്തത്. ട്വിറ്ററിൻറെ വർഷാവസാന റീകാപ്പ് 2020യിലാണ് ട്വിറ്റർ ഏറ്റവും കൂടുതൽ റീട്വീറ്റ് ലഭിച്ച ചിത്രം പ്രഖ്യാപിച്ചത്. വിജയ്‌യുടെ വീട്ടിലെ ഇൻകം ടാക്‌സ് റെയ്ഡിന് തൊട്ടുപിന്നാലെയാണ് താരത്തിൻറെതായി ആദ്യമായി ഒരു ഫോട്ടോ പുറത്തുവന്നത്. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരം റീ ട്വീറ്റുകളാണ് ചിത്രം നേടിയത്. ഫെബ്രുവരി 10നാണ് വിജയ് ചിത്രം പങ്കുവെച്ചത്.

നെയ്‌വേലിയിലെ മാസ്റ്റർ സിനിമയുടെ ചിത്രീകരണം ബി.ജെ.പി പ്രവർത്തകർ തടയാനിരുന്നത് വിജയ് ആരാധകർ കൂട്ടത്തോടെ ചെറുത്തു തോൽപ്പിച്ചിരുന്നു. അതിന് ശേഷം താരത്തിൻറേതായി ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് വിജയ് വാനിന് മുകളിൽ കയറി നിന്ന് ആരാധകർക്കൊപ്പം സെൽഫി എടുത്തത്. ഈ ഒരു സെൽഫിയാണ് വിജയ് പിന്നീട് ട്വിറ്ററിൽ പങ്കുവെച്ചത്. ആദായനികുതി വകുപ്പിൻറെ 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് വിജയ് മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ മടങ്ങിയെത്തിയത്. വിജയ്‌യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് പിന്നീട് വാർത്താകുറിപ്പും പുറത്തിറക്കി.

അതെ സമയം, ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ചിത്രമായി വിരാട് കോഹ്‌ലി പങ്കുവെച്ച അനുഷ്‌ക ശർമ്മയുമൊരുമിച്ചുള്ള ചിത്രം തെരഞ്ഞെടുത്തു. നിറവയറോടെയുള്ള അനുഷ്‌കക്ക് കൂടെ കോഹ്‌ലി നിൽക്കുന്ന ഫോട്ടോയാണ് ഇത്. ആറ് ലക്ഷത്തിന് മുകളിലാണ് ചിത്രത്തിന് ലൈക്ക് ലഭിച്ചത്.

ബോളിവുഡ് നടൻ അമിതാഭ് ബച്ചന് കോവിഡാണെന്ന് സ്ഥിരീകരിച്ച ട്വീറ്റാണ് ഏറ്റവും കൂടുതൽ എടുത്തുദ്ധരിച്ച(Most Quoted) ചിത്രമായി തെരഞ്ഞെടുത്തത്.

COVID-19 ആണ് ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ് ടാഗ്. IPL2020 കായിക വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ് ടാഗായി. സുശാന്ത് സിംഗ് രാജ്പുത്, ഹാഥ്‌റാസ് കേസുകളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ട്വിറ്റർ വിഷയങ്ങൾ.

പ്രധാനമന്ത്രി മോദി ഔദ്യോഗിക വസതിയിൽ വെച്ച് വിളക്ക് കത്തിക്കുന്ന ചിത്രം ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത രാഷ്ട്രീയ ചിത്രമായും ട്വിറ്റർ ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണിയുടെ ട്വീറ്റ് ഏറ്റവും കൂടുതൽ റീ ട്വീറ്റ് ലഭിച്ച കായിക ട്വീറ്റായി മാറുകയും ചെയ്തു.

Most Popular