Thursday, July 29, 2021
Home News National ഡല്‍ഹിയിലെ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ കോവിഡ് ആന്റിബോഡി; രോഗം വന്നതും പോയതും മിക്കവരും അറിഞ്ഞില്ല

ഡല്‍ഹിയിലെ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ കോവിഡ് ആന്റിബോഡി; രോഗം വന്നതും പോയതും മിക്കവരും അറിഞ്ഞില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്നിലൊന്ന് ആളുകളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സിറോ സര്‍വേ. ആഗസ്ത് രണ്ടാം വാരത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ നിന്നും ശേഖരിച്ച 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് സംസ്ഥാനത്തെ 33 ശതമാനം പേരില്‍ ആന്റിബോഡി കണ്ടെത്തിയത്. സര്‍വേയുടെ വിവരങ്ങള്‍ അടുത്തയാഴ്ച ഔദ്യോഗികമായി പുറത്തുവിടും.

രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ് ബാധിച്ചെന്നും രോഗമുക്തിക്കുശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടെന്നുമാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.

ആഗസ്ത് ആദ്യ ആഴ്ചയില്‍ നടത്തിയ രണ്ടാം സിറോ സര്‍വേയില്‍ 29.1 ശതമാനം ജനങ്ങള്‍ക്കും ആന്റിബോഡികള്‍ ഉണ്ടെന്നു വ്യക്തമായിരുന്നു. ജൂണ്‍ അവസാനം മുതല്‍ ജൂലൈ ആദ്യം വരെ നടത്തിയ ആദ്യ സിറോ സര്‍വേയില്‍ ആന്റിബോഡികള്‍ കണ്ടെത്തിയത് 23.4 ശതമാനം പേര്‍ക്കാണ്. ആദ്യ സര്‍വേയില്‍ 21,000 സാംപിളുകളും രണ്ടാം സര്‍വേയില്‍ 15,000 സാംപിളുകളുമാണ് ശേഖരിച്ചത്.

രോഗമുക്തരായവരിലാണ് ആന്റിബോഡികള്‍ കണ്ടെത്തിയത്. അവരില്‍ പലരും രോഗമുണ്ടെന്നു തിരിച്ചറിഞ്ഞുപോലുമില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൗലാനാ ആസാദ് മെഡിക്കല്‍ കോളജ് ആണ് സെറോളജിക്കല്‍ സര്‍വേ നടത്തിയത്.


 

Most Popular