കൊല്‍ക്കത്ത: എടിഎം പിന് നമ്പര്‍ സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിച്ചുവയ്ക്കുന്നത് പതിവാണ്. എന്നാല്‍, ഇത് ചിലപ്പോള്‍ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയേക്കാം. വീട്ടുടമ മരിച്ചപ്പോള്‍ എടിഎം കാര്‍ഡ് മോഷ്ടിച്ച് വീട്ടുജോലിക്കാരിയും ബന്ധുക്കളും ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 35 ലക്ഷം രൂപയാണ്. കൊല്‍ക്കത്തയിലാണ് സംഭവം.
അന്‍വര്‍ ഷാ റോഡില്‍ താമസിച്ചിരുന്ന സത്യനാരായണന് അഗര്‍വാളിന്റെ എടിഎം കാര്‍ഡാണ് അദ്ദേഹത്തിന്റെ മരണശേഷം മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ വീട്ടുജോലിക്കാരി റിത റോയ്(45) മരുമകന് രഞ്ജിത് മുല്ലിക്ക്(31) രഞ്ജിത്തിന്റെ സഹോദരീഭര്‍ത്താവ് സൗമിത്ര സര്‍ക്കാര്‍(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചയാണ് സത്യനാരായണന് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച റിത റോയ് മറ്റുപ്രതികളുടെ സഹായത്തോടെ വിവിധ സമയങ്ങളില്‍ പണം പിന്‍വലിക്കുകയായിരുന്നു. എടിഎം പിന് നമ്പര്‍ സത്യനാരായണന് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
മൂന്ന് മാസ കാലയളവിലാണ് ലക്ഷങ്ങള്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത്. സത്യനാരായണന്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്തുവെച്ചിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മകന് മറ്റൊരു ഫ്ളാറ്റിലുമായിരുന്നു താമസം. ജൂണ്‍ ഒന്നാം തീയതി മകന് ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നഗരത്തിലെ വിവിധ എടിഎമ്മുകളില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് സംഘം അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. പ്രതികളില്‍നിന്ന് 27 ലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.