Saturday, July 24, 2021
Home Ediotrs Pick ടിക് ടോക്ക് ആയുധമാക്കി സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശില്‍ നിന്നുള്ള പെണ്‍കുട്ടികളെ വലവീശി ഇന്ത്യയിലെത്തിക്കുന്നു

ടിക് ടോക്ക് ആയുധമാക്കി സെക്‌സ് റാക്കറ്റ്; ബംഗ്ലാദേശില്‍ നിന്നുള്ള പെണ്‍കുട്ടികളെ വലവീശി ഇന്ത്യയിലെത്തിക്കുന്നു

ബെംഗളൂരു: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വേണ്ടി കടത്തുന്ന സംഘത്തിന്റെ പ്രധാന ആയുധം ടിക് ടോക്ക്. ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അറസ്റ്റിലായ പ്രധാന പ്രതി ഷോബുജില്‍നിന്നാണ് പൊലീസിന് സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്. അഞ്ചു വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു മാത്രം ഇവര്‍ കടത്തിയിട്ടുണ്ട്. റഫീഖ് അശ്റഫുല്‍ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

ടിക്ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തി ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലെക്ക് കടത്തുന്ന മനുഷ്യകടത്തു സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസം ധാക്ക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രധാനിയായ ടിക്ടോക് ഹൃദോയിയെയാണ് ബംഗളൂരു പൊലീസ് നേരത്തെ അറസ്റ്റു ചെയ്തത്.

ബംഗളൂരുവില്‍ പിടിയിലായ യുവതികളില്‍നിന്നുള്‍പ്പെടെ ഇതു സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ പിടിയിലായ ടിക് ടോക് ഹൃദോയ് എന്നയാളുടെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് ബംഗ്ലദേശിലെത്തിയ പെണ്‍കുട്ടിയാണ് നിര്‍ണായക വിവരം പുറത്തുവിട്ടത്. ഇരുപത്തിരണ്ടുകാരിയായ മറ്റൊരു ബംഗ്ലാദേശി യുവതിയെ പീഡിപ്പിച്ച വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്‍ അടുത്തിടെ അറസ്റ്റിലായത്. ‘റിത്താഫുല്‍ ഹൃദോയ് എന്നാണയാളുടെ പേര്. ടിക് ടോക്കില്‍ വിഡിയോകള്‍ തയാറാക്കുന്നതില്‍ മിടുക്കനായിരുന്നു. അങ്ങനെയാണു പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയില്‍ അയാള്‍ക്കൊപ്പം ഇന്ത്യയിലേക്കു കടന്നു. ജോലി വാഗ്ദാനം ചെയ്‌തെങ്കിലും എത്തിപ്പെട്ടത് മോശം സാഹചര്യത്തിലേക്കായിരുന്നു…’ തിരികെ രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെണ്‍കുട്ടി പറയുന്നു.

ഇന്ത്യയിലെത്തിയാല്‍ ഇവരെ ബംഗാളിലെ ഹൗറയില്‍ എത്തിക്കും. തുടര്‍ന്ന് കുറച്ചു ദിവസം അവിടെ താമസിപ്പിക്കും. ഇവിടെവച്ചാണ് ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും സംഘടിപ്പിക്കുന്നത്. പിന്നീട് സംഘങ്ങളായി തിരിച്ച് വിവിധ നഗരങ്ങളിലേക്ക് അയയ്ക്കും. തൊഴില്‍ നല്‍കാമെന്ന വ്യാജേനയാണ് ഇവരെ എത്തിക്കുന്നതെന്നും എന്നാല്‍ പിന്നീട് വേശ്യാവൃത്തിക്കു നിര്‍ബന്ധിതരാക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബെംഗളൂരു ആസ്ഥാനമാക്കി പൊലീസ് നടത്തിയ റെയ്ഡില്‍ നാലു പേരെ അറസ്റ്റു ചെയ്യുകയും അഞ്ചു വയസ്സുകാരി ഉള്‍പ്പെടെ ഏഴോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ 46ഓളം രേഖകളും പിടിച്ചെടുത്തു.

മോഡലുകളാക്കാം, ഷോപ്പിങ് മാള്‍, ബ്യൂട്ടി പാര്‍ലര്‍, കോള്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ജോലി വാങ്ങിനല്‍കാം എന്നെല്ലാം വാഗ്ദാനം നല്‍കിയാണ് ഹൃദോയ് പെണ്‍കുട്ടികളെ മറ്റു രാജ്യങ്ങളിലേക്കു കടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ക്കായി പൂള്‍ പാര്‍ട്ടികളും വിഡിയോ ഹാങ്ങൗട്ടുകളും ഇയാള്‍ ഒരുക്കിയിരുന്നു.
ALSO WATCH

 

Most Popular