Friday, June 25, 2021
Home News National വെള്ളം കോരിയതും വിറകുവെട്ടിയതും വെറുതെ; ഒടുവില്‍ ബിജെപിയില്‍ കറിവേപ്പിലയായി ഷാനവാസ് ഹുസൈന്‍

വെള്ളം കോരിയതും വിറകുവെട്ടിയതും വെറുതെ; ഒടുവില്‍ ബിജെപിയില്‍ കറിവേപ്പിലയായി ഷാനവാസ് ഹുസൈന്‍

ന്യൂഡല്‍ഹി: അയോധ്യ വിഷയം കത്തിനിന്ന കാലത്തുപോലും ബിജെപിക്കൊപ്പം ഉറച്ചുനിന്ന ഷാനവാസ് ഹുസൈന്‍ ഒടുവില്‍ ഗതികിട്ടാ പ്രേതമാവുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ട ഷാനവാസ് ഹുസൈന്‍ എങ്ങിനെയെങ്കിലും ബിഹാര്‍ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം ഒപ്പിച്ചെടുക്കാനാവുമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ഒരു പക്ഷേ ബിജെപി വിട്ട് കളം മാറ്റിച്ചവിട്ടാനും ഷാനവാസ് ഹുസൈന്‍ തയ്യാറായേക്കുമെന്നാണു സൂചന. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതലേ ബിജെപിക്കൊപ്പംനിന്ന ഷാനവാസ് ഹുസൈന് ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ബിഹാറിലെ എംഎല്‍സി സ്ഥാനം സ്വീകരിക്കേണ്ടി വന്നിരിക്കുകയാണ്.

1999ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്നു സയ്യിദ് ഷാനവാസ് ഹുസൈനെന്ന 32കാരന്‍ ജയിച്ചവന്നത്. ഒരു മുസ്ലിം യുവാവ് അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് മന്ത്രിയായത് പലരെയും അമ്പരപ്പിച്ചു. ഇയാള്‍ ബിജെപിയുടെ തലപ്പത്തെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം പറഞ്ഞു. എന്നാല്‍, മുഖം വെളുപ്പിക്കാന്‍ മുസ്ലിം നാമധാരികളെ ഉപയോഗിച്ച് വലിച്ചെറിയുന്ന ബിജെപി പതിവ് തെറ്റിച്ചില്ല. ബിജെപിയിലെ മുസ്ലിം നേതാക്കള്‍ക്കെല്ലാം സംഭവിക്കുന്നതു തന്നെ ഒടുവില്‍ ഷാനവാസ് ഹുസൈനും സംഭവിച്ചു.

പിന്നീട് ഒരു തവണ കൂടി ഷാനവാസ് ഹുസൈന്‍ പാര്‍ലമെന്റിലെത്തിയെങ്കിലും ചിത്രത്തിലെവിടെയും ഉണ്ടായിരുന്നില്ല. 2014ല്‍ മോദി തരംഗത്തിലും ഷാനവാസ് തോറ്റു. പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് വേണം കരുതാന്‍. പിന്നീട് പാര്‍ട്ടി വക്താവെന്ന നിലയില്‍ ബിജെപി ഓഫിസിലെ ഇടനാഴികളില്‍ ഒതുങ്ങി. പാര്‍ട്ടി പുനഃസംഘടന വരുമ്പോള്‍ വൈസ് പ്രസിഡന്റുമാരിലൊരാളാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കേരളത്തില്‍നിന്നു വന്ന എ പി അബ്ദുല്ലക്കുട്ടിയെ പരിഗണിക്കേണ്ടി വന്നപ്പോള്‍ ഷാനവാസ് ഹുസൈനെ വീണ്ടും തഴഞ്ഞു. ദേശീയ നേതാവായെങ്കിലും അബ്ദുല്ലക്കുട്ടിയെ ഇപ്പോഴേ പാര്‍ട്ടി പ്രവര്‍ത്തകരൊന്നും തിരിഞ്ഞു നോക്കുന്നില്ലെന്നത് വേറെ കാര്യം.

കേന്ദ്രത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വിയുള്ളതു കൊണ്ടു മറ്റൊരു സ്ഥാനം കിട്ടാന്‍ സാധ്യതയില്ലെന്ന മനസ്സിലാക്കിയ ഷാനവാസ് തല്‍ക്കാലം പാര്‍ട്ടി തരുന്നത് കൊണ്ട് തൃപ്തിപ്പെടാമെന്ന ലൈനില്‍ എത്തിയിട്ടുണ്ട്. ബിഹാറില്‍ റാംവിലാസ് പാസ്വാന്റെ സീറ്റ് ഒഴിവു വന്നപ്പോഴും അതിനു മുന്‍പും രാജ്യസഭയിലേക്കൊരു ടിക്കറ്റ് ഷാനവാസ് പ്രതീക്ഷിച്ചിരുന്നു. അതുവഴി കേന്ദ്രമന്ത്രിസഭയിലേക്കു പ്രവേശനവും. അതും നടക്കാതായതോടെയാണ് എംഎല്‍സിയാകാനും അതുവഴി ബിഹാര്‍ മന്ത്രിസഭയിലേക്ക് കയറാനും ഷാനവാസ് ഹുസൈന്‍ തീരുമാനിച്ചത്. എന്നാല്‍, മന്ത്രിപദവിയിലെത്തണമെങ്കില്‍ നിതീഷ് കനിയണം.

നരേന്ദ്ര മോദി അമിത് ഷാ ടീമിന്റെ ‘ഗുഡ്ബുക്കി’ല്‍ ഇല്ലെന്നതാണ് ഷാനവാസ് ഹുസൈന്‍ പിന്നാമ്പുറങ്ങളിലൊതുങ്ങിപ്പോകാന്‍ കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സുഷമ സ്വരാജിന്റെയും എല്‍ കെ. അഡ്വാനിയുടെയും വസുന്ധര രാജെയുടെയുമൊക്കെ വിശ്വസ്തനായിരുന്നു ഷാനവാസ് ഹുസൈന്‍. മുസ്ലിം നേതാവെന്നതിനപ്പുറം തഴയപ്പെടാന്‍ ഇതും കാരണമായെന്നാണു കരുതുന്നത്.

2015ലും 2019ലും ബിഹാര്‍ നിയമസഭയിലേക്കു പാര്‍ട്ടി ടിക്കറ്റ് വച്ചു നീട്ടിയപ്പോള്‍ വേണ്ടെന്നു പറഞ്ഞയാളാണ് ഷാനവാസ് ഹുസൈന്‍. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തേക്കു വന്നു കളിക്കാനുള്ള താല്‍പര്യമില്ലായ്മയായിരുന്നു കാരണം. ഒടുവില്‍ കിട്ടുന്നതാകട്ടെ എന്ന മട്ടിലാണ് എംഎല്‍സിയാകാന്‍ തീരുമാനിച്ചത്. ഇത്തവണ മത്സരിച്ച ജെഡിയുവിന്റെ 19 മുസ്ലിം സ്ഥാനാര്‍ഥികളും തോറ്റിരുന്നു. ബിജെപി പട്ടികയില്‍ മുസ്ലിം സ്ഥാനാര്‍ഥികളുണ്ടായിരുന്നതുമില്ല. അങ്ങനെ വരുമ്പോള്‍ മന്ത്രിസഭയിലെ മുസ്ലിം മുഖമായി തന്നെ പരിഗണിച്ചേക്കുമെന്നാണ് ഷാനവാസ് ഹുസൈന്റെ അവസാന പ്രതീക്ഷ. പക്ഷേ നിതീഷ് കുമാര്‍ അതിന് അനുകൂല നിലപാട് എടുക്കുമോ എന്നതിനനുസരിച്ചിരിക്കും ഷാനവാസിന്റെ ഭാവി നീക്കങ്ങള്‍. അസദുദ്ദീന്‍ ഒവൈസിയും സമാജ്വാദി പാര്‍ട്ടിയുമൊക്കെ ഷാനവാസുമായി ചര്‍ച്ച നടത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. അറ്റകൈക്ക് കളം മാറാനും ഷാനവാസ് ഹുസൈന്‍ മടിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Most Popular