ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റും പ്രമുഖ ശിയാ പണ്ഡിതനുമായ മൗലാനാ കല്‍ബെ സാദിഖ് നിര്യാതനായി. ലഖ്നോയിലായിരുന്നു മരണം. 83 വയസ്സായിരുന്നു.
ലഖ്നോയിലെ സ്വകാര്യ ആശുപത്രയില്‍ ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അന്ത്യമെന്ന് മകന്‍ കല്‍ബെ സിബത്തൈന്‍ പറഞ്ഞു. നവംബര്‍ 17നാണ് കല്‍ബെ സാദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ ന്യൂമോണിയയും ബാധിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
ലഖ്‌നോയിലെ പ്രശസ്തമായ ഖാന്താനെ ഇജ്തിഹാദ് കുടുംബത്തിലാണ് ജനനം. പിതാവ് മൗലാന കല്‍ബെ ഹുസൈന്‍, സഹോദരന്‍ കല്‍ബെ ആബിദ് എന്നിവരും ശിയാ വിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളാണ്. അറബിയില്‍ പിഎച്ച്ഡിയുള്ള കല്‍ബെ സാദിഖ് അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. പാവങ്ങള്‍ക്ക് വിദ്യാഭ്യാസ, ചികില്‍സാ സഹായങ്ങള്‍ നല്‍കുന്ന തൗഹീദുല്‍ മുസ്ലിമീന്‍ സ്ഥാപകനാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ എന്ത് വിലകൊടുത്തും സൗഹാര്‍ദ്ദം സ്ഥാപിക്കണം എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. കോടതി വിധി മുസ്ലിംകള്‍ക്ക് അനുകൂലമായാലും ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്നായിരുന്നു ഖല്‍ബെ സാദിഖിന്റെ അഭിപ്രായം.
Shia Cleric Maulana Kalbe Sadiq Dies In Lucknow Hospital