Tuesday, July 27, 2021
Home News National യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി

യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി. ഇതിനിടയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ പത്രപ്രവര്‍ത്തക യൂനിയന് സുപ്രിംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്റെ മോചനം തേടി നല്‍കിയ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. യൂനിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ജാമ്യം കിട്ടാത്ത സാഹചര്യമാണെന്നും യുഎപിഎ അടക്കം ചുമത്തിയതിനാല്‍ ആറോ ഏഴോ വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും കപില്‍ സിബല്‍ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

സുപ്രിംകോടതിയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി ഭേദഗതി വരുത്തി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സുപ്രിംകോടതിയിലെ കേസ് തള്ളാതെ നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പത്രപ്രവര്‍ത്തക യൂനിയനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Most Popular