Saturday, July 24, 2021
Home News Kerala സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി നാളത്തേക്ക് മാറ്റി

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജി കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് നാളത്തേക്ക് മാറ്റിവച്ചത്. പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകവും നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് കേന്ദ്രം കോടതിയില്‍ എതിര്‍ത്തു. അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു.

നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കോവിഡ് രോഗബാധിതനായ കാപ്പനെ ജയിലില്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

Most Popular