Wednesday, January 19, 2022
HomeNewsNationalവിവാഹപ്രായം 21 ആക്കിയത് കൊണ്ട് സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് സീതാറാം യെച്ചൂരി; എതിര്‍പ്പുമായി കോണ്‍ഗ്രസും

വിവാഹപ്രായം 21 ആക്കിയത് കൊണ്ട് സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് സീതാറാം യെച്ചൂരി; എതിര്‍പ്പുമായി കോണ്‍ഗ്രസും

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 (Marriage Age 21) ആക്കുന്നതിനെതിരേ ശക്തമായ എതിര്‍പ്പുമായി സീതാറാം യെച്ചൂരി (Sitaram Yechury). എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്‌നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇത്തരം നീക്കങ്ങള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തെത്തി. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സമാജ്‌വാദി പാര്‍ട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിര്‍ക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം.

അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിര്‍ക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.

Most Popular