ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് അഖിലേഷ്; 400 സീറ്റിലെങ്കിലും പരാജയപ്പെടും

akhilesh yadav rld up election

ലഖ്നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി യുപിയില്‍ രണ്ടക്കം തികയ്ക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍എല്‍ഡി. നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

2017-ല്‍ 403-ല്‍ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം. ‘ജനങ്ങള്‍ക്കിടയിലെ രോഷം നോക്കുമ്പോള്‍ ബി.ജെ.പി. 400 സീറ്റിലെങ്കിലും പരാജയപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ യുപിയില്‍നിന്ന് ബിജെപി തുടച്ച് നീക്കപ്പെടും’ അഖിലേഷ് പറഞ്ഞു.

ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണ്. അവര്‍ ഒരു വ്യാജപുഷ്പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

ഗൊരഖ്പൂരിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ് വാദി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അഴിമതികള്‍ക്കും അവരുടെ ഖജനാവ് നിറയ്ക്കുന്നതിനും വേണ്ടിയാണ് ചുവന്ന തൊപ്പിക്കാര്‍ യുപിയില്‍ അധികാരത്തിലേറാന്‍ നോക്കുന്നതെന്നായിരുന്നു റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞത്.