Wednesday, June 23, 2021
Home News International സിന്ധു നദീതട നാഗരികതയില്‍ കന്നുകാലി മാംസം പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം

സിന്ധു നദീതട നാഗരികതയില്‍ കന്നുകാലി മാംസം പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം

സിന്ധു നദീതട സംസ്‌കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്‌കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പി.എച്ച്.ഡിയുടെ ഭാഗമായി അക്ഷയ്ത സൂര്യനാരായണന്‍ എന്ന സ്‌കോളര്‍ ആണ് പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ‘ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കള്‍ സ്റ്റഡീസി’ല്‍ പുതിയ പഠനത്തെ സംബന്ധിച്ചുള്ള ലേഖനമുണ്ട്.

അക്കാലത്തെ മണ്‍പാത്രങ്ങളെ വിശദമായി പരിശോധിച്ച് അതില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കണ്ടെത്തിയതിനു ശേഷമാണ് സിന്ധു നദിതട സംസ്‌കാരത്തില്‍ ബീഫ് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഹരിയാനയിലെ ഹരപ്പന്‍ സംസ്‌കാര ശേഷിപ്പുകളില്‍ നിന്നാണ് പഠനത്തിന് ആധാരമായ കൊഴുപ്പ് പറ്റിപ്പിടിച്ച പാത്രങ്ങള്‍ കണ്ടെത്തിയത്. ഈ മണ്‍പാത്രങ്ങളില്‍ പന്നി, പശു, പോത്ത്, എരുമ, ആട് മുതലായവയുടെ മാംസത്തില്‍ നിന്നുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.  ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും കണ്ടെടുത്ത 172 വസ്തുക്കളില്‍ നിന്നുമാണ് കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കൃഷി കാലാവസ്ഥക്കനുസരിച്ചു തന്നെ ആയിരുന്നു എന്ന് ഈ പഠനത്തില്‍ പറയുന്നു. നെല്ല്, ഗോതമ്പ്, വഴുതന, വെള്ളരി, മുന്തിരി എന്നിവയുടെ കൃഷി ഉണ്ടായിരുന്നു.പശു, എരുമ എന്നീ മൃഗങ്ങളുടെ എല്ലുകള്‍ ആണ് 50-60 ശതമാനത്തോളം ഉണ്ടായിരുന്നത്. 10 ശതമാനത്തോളം ആടിന്റെ എല്ലും മറ്റും കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികളുടെ എല്ലുകള്‍ കൂടുതല്‍ കാണപ്പെട്ടതിനാല്‍, സിന്ധു നദിതട സംസ്‌കാരത്തില്‍ പോത്തിറച്ചി കൂടുതലായി കഴിച്ചിരുന്നു എന്ന് മനസിലാക്കാം. ചില കാട്ടു മൃഗങ്ങളെയും പക്ഷികളെയും, മീനും എല്ലാം ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പെടുത്തിയിരുന്നു.

കോഴിയിറച്ചി ഇവര്‍ ഉപയോഗിച്ചതിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടില്ല. വൈന്‍ പോലുള്ളവ സൂക്ഷിക്കാന്‍ വലിയ ജാറുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായി കാണാം. സിന്ധു നദിതട സംസ്‌കാരം ഇന്നത്തെ പാക്കിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്നു.

Most Popular