മഥുര ഈദ്ഗാഹ് പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ട് ഹരജി; ബാബരി മസ്ജിദിന് പിന്നാലെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വീണ്ടും സംഘപരിവാരം

mathura eid gah masjid

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ കോടതിയെ സമീപിച്ചു. മധുര സീനിയര്‍ സിവില്‍ ജഡ്ജി മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈദ്ഗാഹ് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്നും ഈ സ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും അവകാശപ്പെട്ടാണ് ലഖ്നോ സ്വദേശിയായ രഞ്ജന അഗ്‌നിഹോത്രി കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പേരില്‍ രഞ്ജനയും അഭിഭാഷകരായ ശങ്കര്‍ ജെയ്ന്‍, വിഷ്ണു ജെയ്ന്‍ എന്നിവരുള്‍പ്പെടെ ആറു ഭക്തര്‍ നല്‍കുന്നതാണ് പരാതിയെന്നും ഇവര്‍ പറയുന്നു. യുപി സുന്നി വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാദ് ട്രസ്റ്റ് മാനേജിങ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്താണ് പരാതി.

ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ 13.37 ഏക്കര്‍ ഭൂമി പൂര്‍ണമായും തിരിച്ചുപിടിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ട്രസ്റ്റിന്റെ ഭൂമി ഏതാനും മുസ്ലിംകളുടെ സഹായത്തോടെ ഷാഹി ട്രസ്റ്റ് കൈയേറിയതാണ് എന്നും ഹരജിയില്‍ ആരോപിക്കുന്നു. ഇവിടെ നിര്‍മിച്ചിരിക്കുന്ന മസ്ജിദ് നില്‍ക്കുന്നിടത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നും ഹരജിയില്‍ വാദിക്കുന്നു.

ക്ഷേത്ര സമുച്ചയ ഭരണസമിതിയായ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥന്‍ ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി ചേര്‍ന്ന് നിയമവിരുദ്ധമായി ഉണ്ടാക്കിയ കരാറാണ് ഭൂമികൈയേറ്റത്തിന് വഴിയൊരുക്കിയതത്രെ. ക്ഷേത്രം ഭരിക്കുന്ന ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥന്‍ പ്രവര്‍ത്തിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണന്റേയും ഭക്തരുടേയും താല്‍പര്യത്തിന് വിരുദ്ധമായാണ്. ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റുമായി 1968ല്‍ തട്ടിപ്പിലൂടെ കരാറുണ്ടാക്കി ക്ഷേത്രത്തിന്റെ ഭൂമി സ്വന്തമാക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര സംഘടനകള്‍ കാലങ്ങളായി ഉന്നയിച്ചു വരുന്ന ആരോപണത്തിന് പുതിയ മാനം നല്‍കുന്നതാണ് ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള ഈ പരാതി. 1989ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് രാം ലല്ല വിരാജ്മാന്‍ ഫയല്‍ ചെയ്ത സിവില്‍ കേസാണ് 2019ല്‍ സുപ്രിം കോടതിയില്‍ വിജയം കണ്ടത്. സമാന നീക്കമാണ് ഇപ്പോള്‍ ശ്രീകൃഷ്ണ വിരാജ്മാന്‍ നടത്തിയിരിക്കുന്നത്.

പുതിയൊരു വര്‍ഗീയ ധ്രൂവീകരണത്തിനു വഴിവെക്കാവുന്ന ഈ ആവശ്യത്തിനു വിലങ്ങായി 1991ലെ ആരാധനാലയ നിയമം നിലവിലുണ്ട് എന്നതും ശ്രദ്ധേയമാണ്. അയോധ്യാ ഭൂമിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ഈ നിയമ പ്രകാരം ഇന്ത്യയില്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നിലനിന്നിരുന്ന ബാബരി മസ്ജിദ് ഒഴികെയുള്ള മറ്റെല്ലാ ആരാധനാലയങ്ങളും അതേപോലെ സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്.