Tuesday, May 18, 2021
Home Ediotrs Pick മാസ്‌ക്കില്ലാതെ കുംഭമേളയില്‍ ഒത്തുകൂടിയത് ലക്ഷങ്ങള്‍; രണ്ട് ദിവസത്തെ പരിശോധനയില്‍ മാത്രം 1000 പേര്‍ക്ക് കോവിഡ്

മാസ്‌ക്കില്ലാതെ കുംഭമേളയില്‍ ഒത്തുകൂടിയത് ലക്ഷങ്ങള്‍; രണ്ട് ദിവസത്തെ പരിശോധനയില്‍ മാത്രം 1000 പേര്‍ക്ക് കോവിഡ്

ലഖ്‌നോ: യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന കുംഭമേള കോവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആയി മാറുന്നു. ഉത്തരാഖണ്ഡിലെ ഗംഗാനദീതീരത്ത് നടക്കുന്ന മേളയിലേക്കെത്തിയ 1000 ലേറെ പേര്‍ക്ക് രണ്ട് ദിവസത്തിനകം കോവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറില്‍ നിന്നുള്ള അര ലക്ഷം പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ തിങ്കളാഴ്ച്ച 408 പേര്‍ക്കും ചൊവ്വാഴ്ച്ച 594 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം സംഹാര താണ്ഡവമാടുന്നതിനിടെയാണ് മാസ്‌ക്ക് പോലും ധരിക്കാതെ ലക്ഷക്കണക്കിന് പേര്‍ക്ക് ഒത്തുചേരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയത്.

‘ഗംഗയില്‍ കുളിച്ചാല്‍ കോവിഡ് മാറും’
KUMBH MELA SUPER SPREADER
ഇപ്പോഴും ആയിരങ്ങളാണ് ഗംഗയില്‍ മുങ്ങാനായി ശരീരത്തില്‍ ഭസ്മം പൂശിയ നിലയില്‍ എത്തിയിട്ടുള്ളത്. ഞങ്ങള്‍ക്ക് വിശ്വാസമാണ് വലുത്. ശക്തമായ വിശ്വാസം കാരണമാണ് ഇത്രയധികം ജനങ്ങള്‍ ഗംഗയില്‍ മുങ്ങാനായി എത്തിയിട്ടുള്ളത്. ഗംഗാ മാതാവ് മാഹാമാരിയില്‍ നിന്ന് രക്ഷിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്-കുംഭമേളയുടെ സംഘാടകരില്‍ ഒരാളായ സിദ്ദാര്‍ത്ഥ ചക്രവര്‍ത്തി പറഞ്ഞു.

കോവിഡ് പരിശോധനാ സംവിധാനം തകര്‍ന്നു
ഗംഗയില്‍ മുങ്ങുന്നതിന് പതിനായിരങ്ങള്‍ തിക്കിത്തിരക്കി എത്തിയതോടെ കോവിഡ് പരിശോധനയ്ക്കായി ഇവിടെ ഒരുക്കിയ സൗകര്യങ്ങള്‍ എടുത്തുമാറ്റേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടാവുന്നത് ഒഴിവാക്കാനാണ് സാംപിള്‍ ശേഖരിക്കുന്ന സംഘത്തെ മാറ്റിയതെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ എസ് കെ ജാ പറഞ്ഞു. ജനത്തിരക്ക് ഒഴിയുമ്പോള്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗംഗയില്‍ മുങ്ങിയത് ആറര ലക്ഷം പേര്‍


6,50,000 പേര്‍ ബുധനാഴ്ച്ച ഗംഗാ നദിയില്‍ മുങ്ങിയതായി പോലിസ് പറഞ്ഞു. ഭക്തരുടെ രോഷം ഭയന്നാണ് ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷം നിര്‍ത്തിവയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്. കുംഭമേള ഇപ്പോള്‍ തന്നെ സൂപ്പര്‍ സ്‌പ്രെഡര്‍ ആയി മാറിയതായി ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്രയധികം പേരെ കൈകാര്യം ചെയ്യാനുള്ള സൗകര്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപത്തുള്ള നിരവധി ഹോട്ടലുകള്‍ ഇതിനകം കോവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.

തബ്‌ലീഗ്‌ ജമാഅത്തിനെതിരേ മറ്റൊരു നിലപാട്
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന മൂന്ന് ദിവസത്തെ തബ്‌ലീഗ്‌
സമ്മേളനത്തിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പലരും ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് തുടക്കമിട്ടത് തബ്‌ലീഗ്‌
സമ്മേളനമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പ്രചരിപ്പിച്ചത് ഇസ്ലാമോഫോബിയ പടര്‍ത്താന്‍ കാരണമായിരുന്നു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ടിവി ചാനലുകളില്‍ മുസ്ലിം ജിഹാദികള്‍ ഇന്ത്യയില്‍ മനപൂര്‍വ്വം രോഗം പടര്‍ത്തുകയാണെന്നാണ് അന്ന് ആരോപിച്ചത്.

 

Most Popular