ന്യൂഡല്‍ഹി: സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ്പരീക്ഷ ബാധകമാക്കി സുപ്രിംകോടതി. സ്വകാര്യ അണ്‍ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ എംബിബിഎസ്, എംഡി., ബിഡിഎസ്, എംഡിഎസ് കോഴ്‌സുകള്‍ക്കും ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ്) ബാധകമാണെന്ന് കോടതി പറഞ്ഞു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. ന്യൂനപക്ഷ സ്ഥാപനമായ തങ്ങള്‍ക്ക് നീറ്റ്ബാധകമാക്കിയത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതിക്കാരുടെ വാദം. 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭേദഗതി ചെയ്തതിനെയാണ് ഹരജിയില്‍ ചോദ്യംചെയ്തത്. എല്ലാ സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും അവരുടേതായ പ്രവേശന പരീക്ഷകളുണ്ടെന്നായിരുന്നു വാദം. എന്നാല്‍, നീറ്റ്ബാധകമാക്കിയാലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു.
2011ല്‍ നീറ്റ് നിര്‍ബന്ധമാക്കിയതുമുതല്‍ വെല്ലൂര്‍ സി.എം.സി. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അതിനെ എതിര്‍ത്തുവരുകയാണ്.
ഭാഷാ, മത ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള മൗലികാവകാശം ഭരണഘടനയിലെ മറ്റുഘടകങ്ങള്‍ക്ക് വിരുദ്ധമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിനു പരിധിയുണ്ടെങ്കിലും നീതിയുക്തമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വിധിച്ചു.