ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്. നേരത്തെ തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയും തമ്മില്‍ സ്പര്‍ശനം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി.

31 വയസ്സുകാരന്‍ 12 വയസ്സുള്ള കുട്ടിയുടെ മാറിടത്തില്‍ പിടിച്ച കേസില്‍ വിധി പറയവേയായിരുന്നു പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റെ വിവാദ പരാമര്‍ശം. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹൈക്കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി.