മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും അന്വേഷണങ്ങളും സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തല്‍.
സുശാന്തിന്റെ പിതാവ് ആരോപിക്കുന്നതുപോലൈ കാമുകി റിയ ചക്രവര്‍ത്തിയുടെയും കുടുംബാംഗങ്ങളുടെയും നേര്‍ക്കാണ് സംശയ മുന നീളുന്നത്. റിയയുടെ സഹോദരന് ഷൊവീക്കിന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. റിയയുടെയും ബന്ധുക്കളുടെയും വിമാന ടിക്കറ്റുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, ഷോപ്പിങ്, മേക്കപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കു പണമെടുത്തതായും കാണുന്നു. ജിഎസ്ടി ഇനത്തില്‍ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്. റിയയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനു കേസെടുത്ത ഇഡി അവരെ ചോദ്യം ചെയ്തേക്കും. റിയയും ബന്ധുക്കളും 15 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.
സുശാന്തിന്റെ അവസാന സിനിമ വരെ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടന്മാരെ ചോദ്യം ചെയ്യുമെന്ന് ബിഹാര്‍ പൊലീസ് സംഘം അറിയിച്ചു.
അതേ സമയം, സുശാന്തിനെ ചതിക്കുകയായിരുന്നുവെന്ന ആരോപണവുമായി ആദ്യ കാമുകി അങ്കിത ലോഖണ്ഡെ രംഗത്തെത്തി. റിയയ്ക്കു സംവിധായകന് മഹേഷ് ഭട്ടിനോടുള്ള അടുപ്പവും പ്രശ്നങ്ങളുണ്ടാക്കിയെന്നു സൂചനയുണ്ട്. സുശാന്ത് വിഷാദരോഗിയായിരുന്നെന്നും മരുന്നു കഴിച്ചിരുന്നെന്നുമാണു റിയ പറയുന്നത്. നടന്റെ വീട്ടില്‍ നിന്നു മരുന്നു കുറിപ്പടികളും കണ്ടെത്തിയിരുന്നു. ബിഹാര്‍ പൊലീസ് സംഘത്തിനു സഞ്ചരിക്കാന്‍ തന്റെ ആഡംബര കാര്‍ അങ്കിത വിട്ടുകൊടുത്തതും വാര്‍ത്തയായി.
പ്രധാനമന്ത്രി ഇടപെടണമെന്ന് സുശാന്തിന്റെ സഹോദരി
കേസന്വേഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കണമെന്ന് സുശാന്തിന്റെ യുഎസിലുള്ള സഹോദരി ശ്വേത സിങ് കീര്‍ത്തി ആവശ്യപ്പെട്ടു. ”എന്റെ സഹോദരനു ബോളിവുഡില്‍ തലതൊട്ടപ്പന്മാരില്ല. കേസ് സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നും തെളിവുകളൊന്നും നശിപ്പിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ അങ്ങ് അടിയന്തരമായി ശ്രദ്ധിക്കണം” അവര്‍ പറയുന്നു.
സഹോദരന് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെ തയാറെടുക്കുകയായിരുന്നു എന്നു വ്യക്തമാക്കുന്ന ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുശാന്ത് ജൂണ്‍ 29 ലേക്കു തയാറാക്കിയിരുന്ന ‘ടൈം ടേബിളിന്റെ’ ചിത്രവും ഉണ്ട്. അന്നത്തെ വര്‍ക്ക്ഔട്ടിനും ധ്യാനത്തിനുമുള്ള പ്ലാനാണ് ഇതില്‍. ജൂണ്‍ 14നാണു സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
നിലവില്‍ മുംബൈ പൊലീസ്, ബിഹാര്‍ പൊലീസ് എന്നിവയ്ക്കു പുറമേ, ഇഡിയും കേസിനു പിന്നാലെയുണ്ട്. നേരറിയാന്‍ സിബിഐ എത്തണമെന്ന വാദവും ശക്തം. ബോളിവുഡിലെ കിടമത്സരവും ലോബികളുടെ കൈകടത്തലും സ്വജനപക്ഷപാതവും നടന്റെ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചെന്ന നിഗമനത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നീങ്ങവെയാണ് സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയുടെ രംഗപ്രവേശം. സംവിധായകരായ മഹേഷ് ഭട്ട്, സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവര്‍ ഉള്‍പ്പെടെ 41 പേരെ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ചോദ്യം ചെയ്തു.