ന്യൂഡൽഹി: മതേതര സ്വാമി എന്നറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ബന്ദുവ മുക്തി മോർച്ച പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (84) അന്തരിച്ചു. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിൻെറ ജീവൻ നിലനിർത്തിയിരുന്നത്.
ലിവർ സീറോസിസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യ നില മോശമായതിനാൽ മാറ്റിവെക്കുകയായിരന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ചെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻജ്ഗീർ-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു. 1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിക്കാറുണ്ട്.
ഹരിയാനയിലെ നിയമസഭാംഗം, മന്ത്രി, ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ, ഇന്റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി,
ഇന്റർനാഷണൽ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
വേദിക സോഷ്യലിസം (1974), റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം, വൽസൻ തമ്പുവുമായി ചേരന്നെഴുതിയ “ഹാർവസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്ക്, ഹിന്ദുയിസം ഇൻ ന്യൂ ഏജ്-(2005) എന്നിവയാണ് പ്രധാന കൃതികൾ.
ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006) എന്നിവ നേടിയിട്ടുണ്ട്.