Monday, October 25, 2021
HomeNewsNationalപൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാടും; ഹീറോ ആയി സ്റ്റാലിന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാടും; ഹീറോ ആയി സ്റ്റാലിന്‍

ചെന്നൈ: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് മുഖത്തടി നല്‍കി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) തമിഴ്‌നാട് നിമസഭ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.

ഇതിനകം തന്നെ തമിഴ് ജനതയുടെ ഹീറോ ആയി മാറിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. സിഎഎ ഭരണഘടനയ്ക്കും മതേതര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തെ മത സൗഹാര്‍ദത്തിന് ഈ നിയമം ഭീഷണിയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

”ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികള്‍ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരണങ്ങളും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നവരാകണം. പക്ഷേ സിഎഎ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേര്‍തിരിക്കുന്നു” -സ്റ്റാലിന്‍ പറഞ്ഞു.

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നേടുന്നതിനുള്ള സാധ്യതകള്‍ സിഎഎ തടയുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. കേരളം, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് (ഇപ്പോള്‍ ബിജെപി), ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും സിഎഎക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.
ALSO WATCH

 

Most Popular