Saturday, May 15, 2021
Home News National തമിഴ്‌നാട്ടില്‍ എസ്ഡിപിഐ, എഎംഎംകെ സഖ്യം; എസ്ഡിപിഐ 6 സീറ്റുകളില്‍ മല്‍സരിക്കും

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ, എഎംഎംകെ സഖ്യം; എസ്ഡിപിഐ 6 സീറ്റുകളില്‍ മല്‍സരിക്കും

ചെന്നൈ: ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി(എഎംഎംകെ) സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചു. അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും(എഐഎംഐഎം) നേരത്തേ സഖ്യത്തോടൊപ്പം ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി എസ്ഡിപിഐ ചര്‍ച്ച നടത്തിയിരുന്നു. ധാരണയിലെത്തിയതായും കമല്‍ ഹാസന്റെ മുന്നണിയില്‍ 18 സീറ്റുകളില്‍ മല്‍സരിക്കുമെന്നും ഇന്നലെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ മൂലം കമല്‍ ഹാസന്‍ സഖ്യത്തില്‍ നിന്ന് പിറകോട്ട് പോയതായാണ് സൂചന.

എഎംഎംകെ സഖ്യത്തില്‍ അലന്തൂര്‍, അംബൂര്‍, തിരുച്ചി വെസ്റ്റ്, തിരുവാറൂര്‍, മധുര സെന്‍ട്രല്‍, പാളയങ്കോട്ട മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിക്കുകയെന്ന് പാര്‍ട്ടി തമിഴ്‌നാട് ഘടകം പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു. മക്കള്‍ നീതി മയ്യവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍, എഎംഎംകെയുമായി സഖ്യം ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുബാറക് അറിയിച്ചു.

ഏപ്രില്‍ 6ന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എഎംഎംകെ 15 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാരായ പി പളനിയപ്പന്‍, ജി സെന്തമിഴന്‍, സി ഷണ്‍മുഖവേലു തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ട്. മുന്‍ എംപിമാരായ എസ് അന്‍പഴകന്‍, കെ സുഗുമാര്‍ എന്നിവര്‍ രാസിപുരം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ എഎംഎംകെക്കു വേണ്ടി ജനവിധി തേടും.

അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎംന് മൂന്ന് സീറ്റുകളാണ് മുന്നണിയില്‍ അനുവദിച്ചിട്ടുള്ളത്. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി മല്‍സരിക്കുക. തമിഴ്‌നാട്ടില്‍ സഖ്യം മൂന്നാം മുന്നണിയായി മാറുമെന്ന് ഉവൈസി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 6ന് ഒറ്റ ഘട്ടമായാണ് മല്‍സരം നടക്കുന്നത്. എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ, ഭരണ കക്ഷിയായ എഐഎഡിഎംകെ എന്നിവ തമ്മിലാണ് പ്രധാന മല്‍സരം. ബിജെപി എഐഎഡിഎംകെയുമായും കോണ്‍ഗ്രസ് ഡിഎംകെയുമായും സഖ്യത്തിലാണ്.
ALSO WATCH

Most Popular