ജോലി ലഭിച്ചപ്പോള്‍ ജീവനൊടുക്കി ബാങ്ക് മാനേജര്‍; കാരണം അറിഞ്ഞ് പോലിസും നാട്ടുകാരും ഞെട്ടി

tamilnadu bank manager suicide

നാഗര്‍കോവില്‍: ദൈവപ്രീതിക്കായി സ്വന്തം ജീവന്‍ തന്നെ നേര്‍ച്ചയായി നല്‍കുന്ന അത്യപുര്‍വതയുടെ ഞെട്ടലിലാണ് നാഗര്‍കോവില്‍ നിവാസികള്‍.  മുംബൈ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയ നവീന്‍ എന്ന മുപ്പത്തിരണ്ടുകാരന്റെ മരണമാണ് ചര്‍ച്ചയാകുന്നത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശി നവീന്‍ എന്ന മുപ്പത്തിരണ്ടുകാരന്റെ ഛിന്നഭിന്നായ മൃതദേഹം ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ കന്യാകുമാരി സ്വദേശി നവീനാണെന്ന് തിരിച്ചറിഞ്ഞത്. കൂടെയുണ്ടായിരുന്ന കുറിപ്പ് വായിച്ച പൊലീസ് ഞെട്ടി.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു കടുംകൈ.

മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. നവീനിന് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും കൂട്ടുകാരും പറയുന്നത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ഇയാള്‍ എന്നും നേര്‍ച്ച നിറവേറ്റിയില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്ന് ഇയാള്‍ പലതവണ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നുണ്ട്.

Tamil Nadu man ends life to fulfil his vow to God after getting job