Sunday, June 20, 2021
Home Ediotrs Pick അഞ്ച് മണിക്കൂറിനുള്ളില്‍ ഒപ്പുവച്ചത് അഞ്ച് ജനപ്രിയ പദ്ധതികളില്‍; അമ്പരപ്പിച്ച് കലൈഞ്ചര്‍ പുത്രന്‍

അഞ്ച് മണിക്കൂറിനുള്ളില്‍ ഒപ്പുവച്ചത് അഞ്ച് ജനപ്രിയ പദ്ധതികളില്‍; അമ്പരപ്പിച്ച് കലൈഞ്ചര്‍ പുത്രന്‍

ചെന്നൈ: പത്തുവര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി ഡിഎംകെ അതിവേഗ പദ്ധതികളിലൂടെ അമ്പരപ്പിക്കുന്നു. അധികാരമേറ്റ് അഞ്ച് മണിക്കൂറിനകം അഞ്ച് ജനപ്രിയ ക്ഷേമപദ്ധതികളില്‍ ഒപ്പിട്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ് മക്കളുടെ കൈയടി നേടിയത്.

അച്ഛന്‍ കരുണാനിധിയുടെ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന വിധമാണ് ഓരോ നീക്കങ്ങളും. ആദ്യ ദിനത്തെ അഞ്ച് ഉത്തരവുകളും കരുണാനിധി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫൗണ്ടെയ്ന്‍ പേന കൊണ്ടാണ് ഒപ്പുവച്ചത്. വാലിറ്റി 69 എന്ന പേനയാണ് കരുണാനിധി ഉപയോഗിച്ചിരുന്നത്. ഇതിന് പിന്നാലെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ആദ്യ ഉത്തരവില്‍ തന്നെ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സ സൗജന്യമാക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്കിനു കുറവുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് മൂന്നുരൂപ കുറച്ചു. മേയ് 16 മുതല്‍ കുറഞ്ഞ പാല്‍വില നിലവില്‍വരും. ഓര്‍ഡിനറി ബസ്സുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനുള്ള ഉത്തരവും ഇറങ്ങി. ഡിഎംകെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു ഇവയെല്ലാം.

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ വീതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ആദ്യ ഗഡുവായ 2000 രൂപ അനുവദിച്ചുള്ള ഉത്തരവാണ് ഇറങ്ങിയത്. ഏകദേശം 2.04 കോടി കാര്‍ഡ് ഉടമകള്‍ക്ക് ഉപകാരപ്രദമാകുന്ന തീരുമാനമാണിത്. ഇതിനായി 4,153.39 കോടി രൂപ ചെലവുവരുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ 100 ദിവസങ്ങള്‍ക്കുള്ളില്‍ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി’ എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത് ആദ്യ അഞ്ച് മണിക്കൂറിനുള്ളിലായിരുന്നു ഈ തീരുമാനങ്ങളെല്ലാം. ഡിഎംകെയില്‍നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കുംശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍.
ALSO WATCH

Most Popular