Wednesday, December 1, 2021
HomeNewsNationalമൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഭാര്യയെ വിറ്റു; 17 വയസ്സുകാരന്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഭാര്യയെ വിറ്റു; 17 വയസ്സുകാരന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ആഢംബര ജീവിതത്തിന് വേണ്ടി പല കുറുക്കു വഴികളും തേടുന്നവരാണ് യുവതലമുറ. എന്നാല്‍, ഒഡിഷയില്‍ 17കാരന്‍ കണ്ടെത്തിയ വഴി നാട്ടുകാരെയും പോലിസിനെയും ഒരു പോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഭാര്യയെ വില്‍പ്പന നടത്തുകയാണ് 17കാരന്‍ ചെയ്തത്. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പോലിസ് രക്ഷപ്പെടുത്തി.

യുവതിയെ രക്ഷപ്പെടുത്താന്‍ രാജസ്ഥാനിലെ ഗ്രാമത്തിലെത്തിയ പോലിസിനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ 55കാരന്‍ പണം നല്‍കി വാങ്ങിയതാണെന്ന് പറഞ്ഞാണ് ഗ്രാമവാസികള്‍ തടഞ്ഞത്.

ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ആഗസ്തില്‍ ഇരുവരും രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങള്‍ക്കകം ഭാര്യയെ 1.8 ലക്ഷത്തിന് വില്‍ക്കുകയായിരുന്നുവെന്ന് ബേല്‍പാഡ പോലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ബുലു മുണ്ട പറഞ്ഞു.

ഭാര്യയെ വിറ്റുകിട്ടിയ പണം സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയും ഭക്ഷണം കഴിച്ചും തീര്‍ക്കുകയായിരുന്നു. പിന്നീട് യുവാവ് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി.

എന്നാല്‍, യുവതിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്.
ALSO WATCH

Most Popular