Sunday, December 4, 2022
HomeNewsNationalആഭ്യന്തര വിമാന സര്‍വീസുകളുടെ പരിധി 70 ശതമാനമായി ഉയർത്തി

ആഭ്യന്തര വിമാന സര്‍വീസുകളുടെ പരിധി 70 ശതമാനമായി ഉയർത്തി

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ആഭ്യന്തര വിമാന സര്‍വീസുകളുടെ പരിധിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിമാന സര്‍വീസുകള്‍ 70 ശതമാനമായി ഉയര്‍ത്തിയതായി സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കോവിഡിനു മുന്‍പുള്ള സമയത്തെ വിമാന സര്‍വീസുകളുടെ 60 ശതമാനമാണ് സര്‍വീസുകളുടെ പരിധിയെന്ന് സെപ്റ്റംബര്‍ 2 ന്റെ ഔദ്യോഗിക ഉത്തരവില്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. പിന്നീട് 2021 ഫെബ്രുവരി 24 വരെയോ പുതിയ ഉത്തരവുണ്ടാവുന്നത് വരെയോ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 60 ശതമാനം പരിധി തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ ഒക്ടോബര്‍ 29 നായിരുന്നു മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ”കോവിഡ് -19 ന്റെ നിലവിലുള്ള സാഹചര്യം” കാരണം സെപ്റ്റംബര്‍ 2 ലെ ഉത്തരവ് ‘2021 ഫെബ്രുവരി 24 ന് രാത്രി 11.59 വരെയോ അല്ലെങ്കില്‍ പുതിയ ഉത്തരവുകള്‍ വരുന്നത് വരെയോ പ്രാബല്യത്തില്‍ തുടരും,” എന്നാണ് ഒക്ടോബര്‍ 29ലെ ഉത്തരവില്‍ പറഞ്ഞത്. കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാന സര്‍വീസുകളുടെ പരമാവധി 45 ശതമാനം സര്‍വീസ് നടത്താന്‍ ജൂണ്‍ 26 ന് മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.

കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രണ്ട് മാസം വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം മെയ് 25 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. കോവിഡിന് മുമ്പുള്ള സര്‍വീസുകളുടെ 33 ശതമാനത്തില്‍ കുറവ് സര്‍വീസുകള്‍ക്കായിരുന്നു അന്ന് അനുമതി. പിന്നീട് ഇത് ജൂണ്‍ 26ന് 45 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു

Most Popular