Friday, June 25, 2021
Home News National പ്രവാസികള്‍ക്ക് ഇരുട്ടടിയായാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടത് എന്ന് കെഎംസിസി ഖത്തര്‍ കമ്മിറ്റി

പ്രവാസികള്‍ക്ക് ഇരുട്ടടിയായാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടത് എന്ന് കെഎംസിസി ഖത്തര്‍ കമ്മിറ്റി

ഇന്ത്യയിലേക്ക് വിദേശ പണം ലഭിക്കുന്നതിനായി ധാരാളം നികുതി ഇളവുകള്‍ നല്‍കുമ്പോള്‍, പ്രതിവര്‍ഷം ഇന്ത്യയിലേക്ക് നേരിട്ട് $ 86 ബില്യണ്‍ നല്‍കുന്ന പ്രവാസികള്‍ കളെ തീരെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്ര ബജറ്റ് എന്ന് കെഎംസിസി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും തിരിച്ചു വരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ സാധാരണ പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രവാസി സമൂഹം. എന്നാല്‍ റസിഡന്‍സ് സ്റ്റാറ്റസ് 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി ചുരുക്കിയ 2020 – 21 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശം 2021 ഏപ്രില്‍ മുതല്‍ നടപ്പാക്കാന്‍ പോവുകയാണ്. ഇതു പ്രകാരം പല പ്രവാസികളും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് അടക്കേണ്ട ഗതികേടിലാവും.
കോവിഡ് മൂലം നാട്ടില്‍ കുടുങ്ങിയ പലരെയും ഈ വ്യവസ്ഥ വളരെ പ്രതികൂലമായി ബാധിക്കും. ഈ വ്യവസ്ഥക്കെതിരെ ഖത്തര്‍ കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ ആവശ്യം പോലും പരിഗണിക്കപ്പെട്ടിട്ടില്ല.

അതിനും പുറമെ, പ്രവാസികള്‍ നിക്ഷേപ നടത്തുമ്പോഴുള്ള ഇടപാടുകള്‍ക്കായി ഉപയോക്താവിനെ അറിയല്‍ (കെ.വൈ.സി.) രേഖകളായി തങ്ങള്‍ താമസിക്കുന്ന രാജ്യത്ത് തങ്ങളുടെ പേരിലുള്ള വൈദ്യുതി ബില്‍, വാടക രസീതി തുടങ്ങിയവ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന നിബന്ധന, ബഹു ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്കും നല്‍കാന്‍ കഴിയില്ല. ബാച്ചിലര്‍ റൂമുകളില്‍ താമസിക്കുന്നവര്‍ക്കും, കുടുംബമായി കഴിയുന്നവരില്‍ പോലും ഒരാള്‍ക്കൊഴികെ സ്വന്തം പേരില്‍ ഇത്തരം രേഖകള്‍ ഉണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം പോലും കണക്കിലെടുക്കുന്നില്ല. ഇത് പ്രവാസികളുടെ ചെറു സമ്പാദ്യങ്ങള്‍ക്ക് പോലും ദോഷകരമായി ബാധിക്കും.
ബജറ്റില്‍ പ്രവാസികള്‍ക്ക് ഇരട്ട നികുതി ഒഴിവാക്കി എന്ന് പറയുന്നു. വിദേശത്ത് നിന്ന് റിട്ടയര്‍ ചെയ്ത് നാട്ടില്‍ പോവുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ നാട്ടില്‍ എത്തിക്കഴിഞ്ഞ ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കാണ്. നിലവില്‍ തന്നെ, ഇപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഒരിടത്ത് നികുതി ഈടാക്കിയാല്‍ അതിന്റെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് അത് റീഫണ്ട് ലഭിക്കും. ചുരുക്കത്തില്‍ ഇത് ആനുകൂല്യമല്ല, മറിച്ച് നടപടി ക്രമങ്ങള്‍ എളുപ്പമാക്കാനുള്ള ക്രമീകരണം മാത്രമാണ്.

ഒറ്റ വ്യക്തി കേന്ദ്രീകൃത കമ്പനി തുടങ്ങാന്‍ പ്രവാസികള്‍ക്ക് സാധിക്കും എന്നത് മാത്രമാണ് ഒരു നേട്ടമായി കാണുന്നത്. വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശികള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്ന സന്ദര്‍ഭത്തില്‍ ഇതിനും കാര്യമാത്ര പ്രസക്തിയില്ല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നവര്‍ക്കായി വിവര ശേഖരണ പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി തുടങ്ങിയവയെക്കുറിച്ച് പ്രഖ്യാപനമുള്ളപ്പോഴും വിദേശങ്ങളില്‍ ജോലി ചെയ്യുന്ന 1.8 കോടി പ്രവാസികളെക്കുറിച്ച് ഇക്കാര്യങ്ങളില്‍ പോലും ബജറ്റ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

Most Popular