Friday, June 18, 2021
Home News National ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ തയാറാകുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ തയാറാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ഏതാനും ആഴ്ചക്കുള്ളില്‍ വിതരണത്തിനായി തയാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുമായുള്ള കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ധോപാധ്യായ് തുടങ്ങി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് പങ്കെടുത്തത്.

‘വിജയകരമായ വാക്സിന്‍ ഉടന്‍ പുറത്തിറക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകര്‍. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും വാക്സിന്‍ വിതരണം ചെയ്യുക’ -പ്രധാനമന്ത്രി വിശദീകരിച്ചു.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ വാക്സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിക്കുന്നുണ്ട്. വാക്‌സിന്റെ സ്‌റ്റോക്ക്, തത്സമയ വിവരങ്ങള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറും വികസിപ്പിച്ചിട്ടുണ്ട്. വാക്സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവുമായ നെറ്റ്വര്‍ക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. വാക്‌സിന്‍ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ ഇന്ത്യയെ നിരീക്ഷിക്കുകയാണ്. സുരക്ഷിതമായ വാക്‌സില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകാന്‍ ഇന്ത്യക്കാകും എന്നതിനാലാണതെന്നും മോദി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ വികസിപ്പിക്കുന്ന എട്ടോളം വാക്‌സിനുകളുടെ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇവയുടെ നിര്‍മാണവും ഇന്ത്യയില്‍ നടക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യ വികസിപ്പിക്കുന്ന മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Most Popular