ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്ത് വരും. 243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ പൂര്‍ണമായും വ്യക്തമാകും. നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും നാളെ വ്യക്തമാകും.
സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്കുമാര്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ മറുവശത്ത് പ്രതിപക്ഷ പര്‍ട്ടികളുടെ മുഖമായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വീ യാദവ് മാറി. രാംവിലാസ് പാസ്വാന്റെ മകന് ചിരാഹ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടി.
നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം ബിഹാറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെ സാധുകരിച്ച് പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ എന്‍ഡിഎയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഫലം ഊര്‍ജം നല്‍കും. മധ്യപ്രദേശിലെ 28 മണ്ഡങ്ങളിലെ ജനവിധിയും നാളെയാണ് പുറത്ത് വരിക. ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ നേടിയാല്‍ മാത്രമേ സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നിലനിര്‍ത്താനാവു.